
കൊച്ചി: ഉദയംപേരൂർ വിദ്യ കൊലക്കേസിനു കാരണമായ പലരും പിടിയിലാകാതെ പുറത്തുണ്ടെന്ന് ഒന്നാം പ്രതി പ്രേംകുമാർ. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രേംകുമാറിനെയും കാമുകി സുനിത ബേബിയെയും ഈ മാസം 24 വരെ തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാക്കനാട് ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന പ്രേംകുമാറിനെയും സുനിതയെയും തൃപ്പൂണിത്തുറ കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു പ്രേംകുമാറിന്‍റെ ഈ പ്രതികരണം.
കേസിൽ കൂടുതൽ ചോദ്യം ചെയ്യലിനും തെളിവ് ശേഖരിക്കുന്നതിനുമായി 12 ദിവസത്തേക്കാണ് പ്രേംകുമാറിനെയും കാമുകി സുനിത ബേബിയെയും ഉദയംപേരൂർ പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. നാളെ പ്രേംകുമാറും വിദ്യയും താമസിച്ചിരുന്ന ഉദയംപേരൂരിലെ വാടക വീട്, കൊലപാതകത്തിനു ഉപയോഗിച്ച കയർ വാങ്ങിയ തൃപ്പൂണിത്തുറ മാർക്കറ്റിലെ കട, മദ്യം വാങ്ങിയ ചൂരക്കാടുള്ള ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റ് എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തും. ശനിയാഴ്ച തിരുവനന്തപുരം പേയാട് കൊലപാതകം നടന്ന വില്ലയിലെത്തിച്ചും തെളിവുകൾ ശേഖരിക്കും. തിരുനെൽവേലി വള്ളിയൂരിൽ മൃതദേഹം ഉപേക്ഷിച്ച സ്ഥലം, മൃതദേഹം ഉപേക്ഷിച്ച ശേഷം ഇരുവരും താമസിച്ച ഹോട്ടൽ മുറി, പണം എടുത്ത എടിഎം കൗണ്ടർ, ടോൾ ബൂത്തുകൾ എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വിദ്യയുടെ മൃതദേഹം പ്രേംകുമാറിന്‍റെ കാറിലാണ് വള്ളിയൂരിൽ എത്തിച്ചതെന്ന് പൊലീസ് കണ്ടത്തിയിട്ടുണ്ട്. സംഭവത്തിനു ശേഷം കാർ ഇയാൾ വിറ്റിരുന്നു. ഈ കാർ കണ്ടെത്തി കസ്റ്റഡിയിലെടുക്കും. സ്ക്കൂളിൽ ഇവരുടെ സഹപാഠിയായിരുന്ന ഒരാളുടെ സഹായം ഇവർക്ക് ലഭിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരം ചോദ്യം ചെയ്യലിൽ ലഭിക്കുമെന്നാണ് പൊലീസിന്‍റെ കണക്കു കൂട്ടൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam