
കൊച്ചി: ഭർത്താവും കാമുകിയും ചേർന്ന് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ, മൂന്നാമനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. കൊല്ലപ്പെട്ട വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നടപടികളും ഉദയംപേരൂർ പോലീസ് തുടങ്ങി.
ഉദയം പേരൂരിലെ വിദ്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പ്രേംകുമാറിനും കാമുകി സുനിത ബേബിക്കും സുഹൃത്തുക്കളിൽ ഒരാളുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. കൊലപാതകത്തിൽ തങ്ങൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് പ്രേംകുമാറും സുനിതയും ആവർത്തിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ഉണ്ടാക്കാനാണ് പ്രതികളെ കസ്റ്റഡയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയത്.
മൂന്നാമന് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ തെളിവ് നശിപ്പിക്കുന്നതിന് ഉൾപ്പെടെ ഇയാൾ സഹായിച്ചിട്ടുണ്ട്. ഇരുവരെയും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിക്കും. ഇതിനിടെ തിരുനെൽ വേലി പൊലീസ് സംസ്ക്കരിച്ച വിദ്യയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്താനുളള നടപടിയും പൊലീസ് തുടങ്ങിയിട്ടുണ്ട്.
വള്ളിയൂർ പൊലീസ് അജ്‍ഞാത മൃതദേഹം എന്ന നിലയിൽ പോസ്റ്റുമോർട്ടം നടത്തിയാണ് സംസ്ക്കരിച്ചതെങ്കിലും കൊലപാതകം കഴുത്ത് ഞെരിച്ചാണെന്ന് പ്രതികൾ സമ്മതിച്ച സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ ശഖരിക്കാനാണ് റീ പോസ്റ്റുമോർട്ടം നടത്തുന്നത്. കേരളത്തിൽ നിന്നുള്ള പൊലീസ് സർജൻറെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായത്തോടെ റീ പോസ്റ്റുമോർട്ടം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.
ഇതിനായി കേരള പൊലീസ് അടുത്ത ദിവസം തമിഴ്നാട് പൊലീസിന് കത്തു നൽകും. സംഭവം നടന്ന് മൂന്നു മാസ കഴിഞ്ഞെങ്കിലും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ റീ പോസ്റ്റമോർട്ടത്തിലൂടെ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam