
കൊല്ലം: കൊല്ലം വെട്ടിക്കവലയില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനു നേരെ യുഡിഎഫ് പ്രവര്‍ത്തകരുടെ ആക്രമണം. പൊലീസുമായുളള വാഗ്വാദം ചിത്രീകരിച്ചതിന്റെ പേരിലാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകനായ കുഞ്ഞുമോന്‍ കോട്ടവട്ടത്തെ യുഡിഎഫ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചത്. മര്‍ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കൊല്ലം റൂറല്‍ എസ്പി പറഞ്ഞു.
വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകനായ കുഞ്ഞുമോന്‍ കോട്ടവട്ടം. സ്ഥലത്ത് പൊലീസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാഗ്വാദം ഉണ്ടായി. ഇത് ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അക്രമാസക്തരായ പ്രവര്‍ത്തകര്‍ കുഞ്ഞുമോനെതിരെ തിരിഞ്ഞത്.
അക്രമത്തെ തുടര്‍ന്ന് നിലത്തുവീണ കുഞ്ഞുമോനെ യുഡിഎഫുകാര്‍ നിലത്തിട്ടും മര്‍ദിച്ചു. പൊലീസിന്റെ കണ്‍മുന്നിലായിരുന്നു മര്‍ദനം. ദൃശ്യങ്ങള്‍ ചിത്രീകരിച്ച മൊബൈല്‍ ഫോണും അക്രമിസംഘം പിടിച്ചുവാങ്ങി. തുടര്‍ന്ന് കൂടുതല്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയാണ് കുഞ്ഞുമോനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
കൊട്ടാരക്കര പൊലീസ് മൊഴി രേഖപ്പെടുത്തി. വീഡിയോ ദൃശ്യങ്ങളടക്കമുളള തെളിവുകളും പൊലീസിനു നല്‍കി. അക്രമികള്‍ക്കെതിരെ കേസെടുത്തെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കൊല്ലം റൂറല്‍ എസ്പി ആര്‍. ഇളങ്കോ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam