ആറ് മാസം മുമ്പ് കമ്പനി പൂട്ടി; തൊഴില്‍ നഷ്ടപ്പെട്ട യുവാവ് രണ്ട് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കി

By Web TeamFirst Published Feb 10, 2020, 4:42 PM IST
Highlights

 സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കമ്പനി പൂട്ടിയതോടെ കഴിഞ്ഞ ആറ് മാസമായി മാധൂര്‍ തൊഴില്‍ രഹിതനാണ്. തൊഴില്‍ നഷ്ടമായതില്‍ ഇയാള്‍ ഏറെ വിഷണ്ണനായിരുന്നു.

ദില്ലി: തൊഴില്‍ നഷ്ടമായ 44 കാരന്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു. ദില്ലി ഷാലിമാര്‍ ബാഗിലാണ് സംഭവം. മാധൂര്‍ മലാനി എന്നയാളാണ് 14 വയസ്സുള്ള മകളെയും ആറ് വയസ്സുള്ള മകനെയും കൊലപ്പെടുത്തി ഹൈദര്‍പുര്‍ ബാദ്‍ലിയില്‍ ദില്ലി മെട്രോ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വീട്ടിനുള്ളില്‍ വെച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയത്. കഴുത്ത് ഞെരിച്ചാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പരിശോധനയില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.  കുട്ടികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. 

ഭാര്യ രൂപാലി ഉച്ചക്ക് ശേഷം കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ സമയത്തായിരുന്നു ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാന്‍ മെട്രോ സ്റ്റേഷനില്‍ പോയത്. തിരിച്ചെത്തിയ ഭാര്യ മുറിയില്‍ കുട്ടികള്‍ മരിച്ചുകിടക്കുന്നത് കണ്ടു. പൊലീസിനെ വിവരം അറിയിച്ച് ഭര്‍ത്താവിനെ തിരഞ്ഞെങ്കിലും കണ്ടില്ല. 

സാന്‍ഡ്‍പേപ്പര്‍ നിര്‍മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്നു മാധൂര്‍ മലാനി. എന്നാല്‍, സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം കമ്പനി പൂട്ടിയതോടെ കഴിഞ്ഞ ആറ് മാസമായി മാധൂര്‍ തൊഴില്‍ രഹിതനാണ്. തൊഴില്‍ നഷ്ടമായതില്‍ ഇയാള്‍ ഏറെ വിഷണ്ണനായിരുന്നു. മാതാപിതാക്കളുടെ സഹായം കൊണ്ടാണ് ഇയാളും ഭാര്യയും കുട്ടികളും ജീവിച്ചിരുന്നത്. തൊഴില്‍ നഷ്ടപ്പെട്ടതില്‍ തനിക്കുള്ള മാനസിക പ്രയാസം ഇയാള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. അതേസമയം, ആത്മഹത്യകുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയെത്തുടര്‍ന്ന് ദില്ലി മെട്രോ ട്രെയിനുകള്‍ കുറച്ച് സമയം വൈകി. 

click me!