
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ചക്കിമുക്ക് സ്വദേശിയുടെ പുരയിടത്തിലാണ് മധ്യവസ്കനായ പുരുഷന്‍റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊടുമൺ എസ്റ്റേറ്റിന് സമീപം ചക്കിമുക്കിലെ വാലുപറമ്പിൽ ചന്ദ്രബാബുവിന്‍റെ പുരയിടത്തിലാണ് മൃതദേഹം കണ്ടത്. രാത്രി 8 മണിക്ക് ശേഷം പറമ്പിൽ നിന്ന് തീ ആളിക്കത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപ വാസിയായ വിദ്യാർത്ഥി ഓടിയെത്തിയപ്പോഴാണ് ശരീരത്തിൽ തീ പടർന്ന നിലയിൽ ആളെ കണ്ടത്. നാട്ടുകാരെത്തി ദേഹത്ത് വെള്ളം ഒഴിച്ചു തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനകം മരിച്ചിരുന്നു.
മൃതദേഹത്തിന് സമീപത്ത് നിന്ന് ഡീസൽ കലർന്ന കുപ്പിയും 2000 രൂപയും കണ്ടെത്തി. മാസ്ക് ധരിച്ച് അപരിചിതനായ ഒരാൾ അവശനായി നടന്നു വരുന്നത് നാട്ടുകാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ജില്ലയിൽ നിന്ന് അടുത്തിടെ ആരെയും കാണാതായത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും ആരാണെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസ്പി കെ ജി സൈമൺ പറഞ്ഞു.
ആത്മഹത്യ ആണോ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam