
അങ്കാറ: കൊവിഡ് ബാധിച്ച് മരണപ്പെട്ടുവെന്ന് എല്ലാവരും കരുതിയ മകനെ താന്‍ കൊലപ്പെടുത്തിയതാണ് എന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരമായ സെവ്ഹര്‍ ടോക്ടാഷ്. തുർക്കിയിലെ പ്രാദേശിക ലീഗിൽ ബുർസ യിൽഡിരിംസ്പോര്‍ എന്ന ക്ലബിന് വേണ്ടി കളിക്കുന്ന താരമാണ് ഇദ്ദേഹം.
സംഭവം ഇങ്ങനെ, ഏപ്രില്‍ 26നാണ് ചുമയും കടുത്ത പനിയുമായി ടോക്ടാഷിന്‍റെ മകനെ കാസിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് 19 സംശയിച്ച് ഇരുവരെയും ഉടൻതന്നെ ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. അന്നു വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടർമാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
കാസിമിനെ ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉൾപ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങൾ പ്രകടമായിരുന്നതിനാൽ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിനെ സംസ്കരിച്ചത്. മകന്‍റെ മരണത്തിന്‍റെ വിവരം ഇദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റായും ഇട്ടിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസമാണ് സംഭവത്തില്‍ ട്വിസ്റ്റ് നടന്നത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയ ടോക്ടാഷ് മകനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് പറഞ്ഞു. ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടോക്ടാഷ് സംഭവത്തില്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്.
കട്ടിലിൽ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന കാസിമിനെ താന്‍ തലയിണയുപയോഗിച്ച് ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാൻ തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ചു. ശ്വാസം നിലച്ചെന്ന് തോന്നിയപ്പോഴാണ് തലയിണ പിന്‍വലിച്ചത്. അതിന് ശേഷമാണ് ഡോക്ടറെ വിളിച്ചത്. മകന് അഞ്ചു വയസ്സായെങ്കിലും ഇതുവരെ അവനെ സ്നേഹിക്കാൻ തനിക്കു സാധിച്ചിട്ടില്ലെന്നും ടോക്ടാഷ് പൊലീസിനോട് പറഞ്ഞു.