കേന്ദ്രമന്ത്രിയായിരുന്ന ബിജെപി നേതാവിനെതിരെ പരാതിയുമായി രംഗത്തെത്തിയ വിദ്യാർത്ഥിനിയെ കാണാനില്ല

By Web TeamFirst Published Aug 27, 2019, 7:46 PM IST
Highlights

പരാതി ഉന്നയിച്ച് തൊട്ടടുത്ത ദിവസം മുതൽ കോളേജ് ഹോസ്റ്റലിൽ നിന്നും എൽഎൽഎം വിദ്യാർത്ഥിനിയെ കാണാതായി

ഷാജഹാൻപുർ: മൂന്നാം വാജ്പേയി സർക്കാരിന്റെ കാലത്ത് കേന്ദ്രമന്ത്രിയായിരുന്ന സ്വാമി ചിന്മയാനന്ദിനെതിരെ പരാതിയുമായി രംഗത്തുവന്ന നിയമ വിദ്യാർത്ഥിനിയെ കാണാനില്ല. താനടക്കമുള്ള നിരവധി പെൺകുട്ടികളെ ഉപദ്രവിക്കുന്നുവെന്നും ജീവിതം നശിപ്പിക്കുന്നുവെന്നും ആരോപണമുയർത്തി തൊട്ടടുത്ത ദിവസം മുതലാണ് ഇവരെ കാണാതായത്.

തന്റെ പക്കൽ ഇദ്ദേഹത്തിനെതിരെ വ്യക്തമായ തെളിവുകളുള്ളതിനാൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കാൻ സ്വാമി ചിന്മയാനന്ദ ശ്രമിക്കുകയാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഇവർ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തന്നെ സഹായിക്കണമെന്നും വീഡിയോയിൽ ഇവർ ആവശ്യപ്പെട്ടിരുന്നു.

ഷാജഹാൻപുർ എസ്എസ് കോളേജിലെ എൽഎൽഎം വിദ്യാർത്ഥിനിയാണ് പരാതിക്കാരി. ആഗസ്റ്റ് 23 നാണ് ഇവർ വീഡിയോ പോസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം മുതൽ ഇവരെ ഹോസ്റ്റലിൽ നിന്നും കാണാതായി. പിതാവ് പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മകളെ നിരന്തരം ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് പിതാവ് പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

സ്വാമി ചിന്മയാനന്ദയ്ക്ക് എതിരെ 2011 നവംബറിൽ രജിസ്റ്റർ ചെയ്‌ത ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളുൾപ്പടെയുള്ള കേസുകൾ കഴിഞ്ഞ വർഷം യോഗി ആദിത്യനാഥ് സർക്കാർ പിൻവലിച്ചിരുന്നു. വർഷങ്ങളോളം സ്വാമി ചിന്മയാനന്ദയുടെ ആശ്രമത്തിലെ അന്തേവാസിയായിരുന്ന യുവതിയാണ് അന്ന് പരാതിയുമായി രംഗത്ത് വന്നത്.

click me!