
ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ 23 കുട്ടികളെ ബന്ദികളാക്കിയയാള്‍ മാസങ്ങളെടുത്ത് പഠനം നടത്തിയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് റിപ്പോര്‍ട്ട്. ആളുകളെ ബന്ധിയാക്കുന്ന സമാന സംഭവങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഫരൂഖാബാദിലെ കസാരിയ ഗ്രാമത്തിലെ തന്‍റെ വീട്ടില്‍ പിറന്നാള്‍ ആഘോഷത്തിലേക്ക് കുട്ടികളെ ക്ഷണിക്കുകയും വീട്ടിലെത്തിയ അവരെ ബന്ദികളാക്കുകയുമായിരുന്നു സുഭാഷ് ബാദം. വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. വ്യാഴാഴ്ച രാത്രിയില്‍ പൊലീസ് ഇവിടെയെത്തി സുഭാഷിനെ വെടിവച്ച് കൊന്നതിന് ശേഷമാണ് കുട്ടികളെ മോചിപ്പിച്ചത്.
ഒരു മാസത്തോളം സമയമെടുത്ത് ആസൂത്രണം ചെയ്താണ് അയാള്‍ കുട്ടികളെ ബന്ദിയാക്കിയതെന്നാണ് കരുതുന്നതെന്ന് കാണ്‍പൂര്‍ റേഞ്ച് ഐജി മോഹിത് അഗര്‍വാള്‍ പറഞ്ഞു. സുഭാഷിന്‍റെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം സംഭവത്തെത്തുടര്‍ന്ന് സുഭാഷിന്‍റെ ഭാര്യയെ ഗ്രാമത്തിലുള്ളവര്‍ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. ഇവരും കൃത്യത്തില്‍ പങ്കെടുത്തിരുന്നുവെന്നും ഓരോ കുട്ടിയുടെയും വീട്ടില്‍ വിളിച്ച് ഒരു കോടി രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഐജി പറഞ്ഞു.
''സുഭാഷിന്‍റെ ഫോണ്‍ പരിശോധിച്ചതോടെ ഇയാള്‍ കൃത്യമായി ആസൂത്രണം ചെയ്താണ് ബന്ദിയാക്കല്‍ നടപ്പിലാക്കിയതെന്ന് വ്യക്തമായി. ബോംബ് നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് ഇയാള്‍ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞിരുന്നു. 2004 ല്‍ റഷ്യയില്‍ നടന്ന സമാനമായ സംഭവും മറ്റ് സ്ഥലങ്ങളില്‍ നടന്ന ബന്ദിയാക്കലുകളും അയാള്‍ പഠിച്ചിരുന്നു. '' - ഐജി വ്യക്തമാക്കി.
10 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് 40 കാരനായ സുഭാഷ് കൃത്യം നടത്തിയത്. നാല് മാസം മുമ്പ് കവര്‍ച്ചാ കേസിന് ഇയാള്‍ ജയിലിലായതാണ്. മറ്റ് ജയില്‍പുള്ളികളില്‍ നിന്നാകാം ഇത്തരമൊരു നടപടിക്ക് വേണ്ട പദ്ധതികള്‍ അയാള്‍ക്ക് ലഭിച്ചത്. അവരുടെ സഹായത്തോടെ ഇയാള്‍ ആയുധങ്ങള്‍ ശേഖരിച്ചിരുന്നുവെന്നും ഐജി പറഞ്ഞു.
പൊലീസ് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും കയ്യിലുള്ള ബോംബ് പൊട്ടിക്കുമെന്ന് അയാള്‍ ഭീഷണിമുഴക്കിയതോടെയാണ് വെടിവയ്ക്കേണ്ടി വന്നത്. കത്തിപ്പടരാവുന്ന ഇന്ധനം സുഭാഷ് നിലത്ത് ഒഴിക്കുന്നത് ഗ്രാമവാസികള്‍ കണ്ടിരുന്നു. അയാള്‍ ആക്രമണത്തിന് തയ്യാറെടുക്കുകയാണെന്ന് മനസ്സിലായതോടെയാണ് വെടിവച്ചതെന്നും ഐജി വ്യക്തമാക്കി. സംഭവസ്ഥലത്തുനിന്ന് തോക്കുകളും വെടിയുണ്ടകളും ബോംബുകളും പിടിച്ചെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam