
വഡോദര: വിവാഹ ആവശ്യങ്ങൾക്കായി ദളിതർക്ക് ക്ഷേത്രം തുറന്ന് കൊടുക്കാൻ സർക്കാർ അനുവാദം നൽകുന്നില്ലെന്ന് കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ദളിത് ദമ്പതികൾക്ക് ക്രൂരമർദ്ദനം. ഗുജറാത്തിലെ വഡോദരയിൽ മഹുവാദ് ഗ്രാമത്തിലാണ് സംഭവം.300ഓളം വരുന്ന സംഘമാണ് ദമ്പതികളെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ മഹുവാദ് നിവാസികളായ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു.
'നിങ്ങളുടെ ജനാധിപത്യ ബിജെപി സർക്കാർ വഡോദരയിലെ പദ്ര താലൂക്കിലുള്ള മഹുവാദ് ഗ്രാമത്തിലെ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾക്ക് ദളിതുകളെ അകറ്റിനിർത്തുന്നു' എന്നായിരുന്നു പോസ്റ്റ്. അതേസമയം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് ഇരുവിഭാഗങ്ങൾക്കിടയിലും ശത്രുതയ്ക്ക് ഇടയാക്കി എന്നു കാണിച്ച് ഭർത്താവ് പ്രവീൺ മക്വാനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
താരുലതബെൻ മക്വാന എന്ന യുവതി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇരുമ്പുപൈപ്പുകളും വടികളും മറ്റ് ആയുധങ്ങളുമായാണ് വീടിനുനോരെ മേൽജാതിക്കാർ ആക്രമണം നടത്തിയതെന്ന് പാരാതിയിൽ പറയുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ആക്രമിച്ച സംഘം, വീടിനുള്ളിൽ കയറി ദമ്പതികളെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒപ്പം പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ദമ്പതികളെ ഭീഷണിപ്പെടുത്തി.
അനധികൃതമായി സംഘംചേരൽ, കലാപ കുറ്റം, വീട്ടിലേക്ക് അതിക്രമിച്ചു കടക്കൽ, ദളിതർക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വിവിധ വകുപ്പുകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് അറസ്റ്റിലായവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ഗ്രാമവാസികളെ ചോദ്യം ചെയ്ത് വരികയാണെന്നും ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന പ്രവീണിന്റെ ആരോപണം അന്വേഷിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് രവീന്ദ്ര പട്ടേൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam