വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: കോണ്‍ഗ്രസ് പഞ്ചായത്തംഗത്തിന് പ്രതികളുമായി ബന്ധം, തെരഞ്ഞ് പൊലീസ്

By Web TeamFirst Published Sep 2, 2020, 9:27 AM IST
Highlights

സംഭവത്തിന് ശേഷം പ്രതികളെ ഗോപനെ പൊലീസ് വിളിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. തലയിൽ വാർഡ്‌ അംഗം ഗോപന് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഗോപനെ വിളിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഗോപൻ്റെ വീട്ടിൽ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു.

അതേസമയം, കേസിൽ കൂടുതൽ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്തേക്കും. മുഖ്യപ്രതികളായ സജീവ്, സനൽ എന്നിവരും ഇവരെ ഒളിവിൽ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്. ഇന്നലെ നാല് പേരെ റിമാൻഡ് ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിൽ നേരിട്ട് ബന്ധമുള്ള ഐഎൻടിയുസി പ്രാദേശിക നേതാവ് ഉണ്ണി, അൻസാർ എന്നിവരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

ഇതിനിടെ, കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് സിപിഎം സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കുകയാണ്. വൈകിട്ട് നാല് മുതൽ ആറ് വരെ നടക്കുന്ന പ്രതിഷേധ ധർണയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എറണാകുളത്തും എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ തൃശൂരും പങ്കെടുക്കും. എന്നാൽ ചതയദിനത്തിൽ കരിദിനം ആചരിക്കുന്നതിനെതിരെ സംസ്ഥാന ബിജെപിയും തുഷാർ വെള്ളാപ്പള്ളിയും രംഗത്തെത്തി. 

click me!