വെഞ്ഞാറമൂട് ഇരട്ട കൊലപാതകം: നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഒമ്പത് പേര്‍ കസ്റ്റഡിയിൽ

By Web TeamFirst Published Sep 1, 2020, 10:30 AM IST
Highlights

രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്. പ്രതികളെ വിമർശിച്ചിരുന്ന ഹക്ക് മുഹമ്മദിനെ പ്രതികൾ ലക്ഷ്യം വച്ചിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസൽ വധശ്രമ കേസുമായി മുന്നോട്ട് പോകരുതെന്നും പ്രതികൾ ഭീഷണിപ്പെടുത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസിൽ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവർ ഉൾപ്പടെ ഒമ്പത് പേര്‍ കസ്റ്റഡിയിൽ. നാല് പേരുടെ അറസ്റ്റ് പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. മറ്റുള്ളവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങള്‍ നടത്തുകയാണ് അന്വേഷണം സംഘം.

ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളെ വിമർശിച്ചിരുന്ന ഹക്ക് മുഹമ്മദിനെ പ്രതികൾ ലക്ഷ്യം വച്ചിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസൽ വധശ്രമ കേസുമായി മുന്നോട്ട് പോകരുതെന്നും പ്രതികൾ ഭീഷണിപ്പെടുത്തി എന്ന് പൊലീസ് പറയുന്നു. സജീവ്, അൻസർ, ഉണ്ണി, സനൽ എന്നിവർ ചേർന്നാണ് യുവാക്കളെ വെട്ടിയതെന്നും മറ്റുള്ളവർ കൊലപാതകം നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചവരാണ് മറ്റ് നാല് പേർ. 

അതേസമയം, ആക്രമണത്തിൽ സാക്ഷി തിരിച്ചറിഞ്ഞ അൻസർ സംഘത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അൻസറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അൻസറിനെ ഷഹീൻ തിരിച്ചറിയുകയും ചെയ്തു.

എന്നാൽ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത സജീവും സനലും ഇത് നിഷേധിക്കുകയാണ്. അൻസർ ഒപ്പമുണ്ടായിരുന്നില്ലെന്ന് ഇരുവരും പൊലീസിന് മൊഴി നൽകിയതായാണ് വിവരം. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. അതേസമയം പിടിയിലായ സനലിന്‍റെ സഹോദരനും ഐഎൻടിയുസി പ്രവർത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികൾ മൊഴി നൽകി.

പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. തെളിവെടുപ്പ് പൂർത്തിയായാൽ പിടിയിലായ സജീവിനെയും സനലിനെയും ഇന്ന് കോടതിയൽ ഹാജരാക്കും. അതേസമയം ഇന്നലെ നടന്ന സിപിഎം പ്രകടനങ്ങളിൽ കോണ്‍ഗ്രസ് ഓഫീസുകൾ അടിച്ചുതകർത്തതിൽ പ്രതിഷേധം ശക്തമായി.വെമ്പായം ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് ഹർത്താൽ ആചരിക്കുകയാണ്. പ്രശ്നബാധിത മേഖലകളിൽ പൊലീസ് വിന്യാസം തുടരുന്നു.

click me!