
മുംബൈ: വീഡിയോകോൺ ചെയർമാൻ വേണുഗോപാൽ ദൂതിനെ സിബിഐ അറസ്റ്റ് ചെയ്തു. ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസിലാണ് അറസ്റ്റ്. മുൻ ഐസിഐസിഐ മേധാവി ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും കഴിഞ്ഞ ദിവസം കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ഇന്ന് കോടതിയില് ഹാജരാക്കിയ മൂന്ന് പേരെയും 3 ദിവസം കൂടി സിബിഐ കസ്റ്റഡിയില് വിട്ടു.
ഐസിഐസിഐ വായ്പാ തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം മുംബൈയിൽവച്ചാണ് വീഡിയോകോൺ ചെയർമാനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വേണുഗോപാൽ ദൂതിനെ കേസിൽ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് കേസിൽ പ്രതികളായ ഐസിഐസിഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ സിബിഐ കസ്റ്റഡിയിലുള്ള ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
മൂന്നു പ്രതികളെയും കൂടുതല് ചോദ്യം ചെയ്യണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് മുംബൈ കോടതി കസ്റ്റഡി അപേക്ഷ അനുവദിച്ചത്. മൂന്ന് ദിവസം കൂടി അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യും. 2009 മുതൽ 2011വരെയുള്ള കാലയളവിൽ ചന്ദ കൊച്ചാർ ബാങ്ക് മേധാവിയായിരക്കേ വീഡിയോ കോൺ ഗ്രൂപ്പിന് 1875 കോടി രൂപ വായ്പ അനുവദിച്ചിരുന്നു. ഇത് ബാങ്കിന്റെ നയത്തിന് വിരുദ്ധമായി അനുവദിച്ചതാണെന്നാണ് സിബിഐ കണ്ടെത്തൽ. 2012 ൽ ഈ വായ്പവഴി ബാങ്കിന് 1730 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുകാട്ടി കിട്ടാക്കടമായി പ്രഖ്യാപിച്ചെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. എസ്ബിഐയുടെ നേതൃത്ത്വത്തിൽ 20 ബാങ്കുകളുടെ കൂട്ടായ്മ വീഡിയോ കോൺ ഗ്രൂപ്പിന് നൽകിയ നാൽപതിനായിരം കോടിയുടെ വായ്പയിൽ ഉൾപ്പെടുന്നതാണ് ഈ വായ്പയും.
വായ്പ അനുവദിക്കുന്ന സമിതിയിലും നന്ദ കൊച്ചാർ ഭാഗമായിരുന്നു. വായ്പ ലഭിച്ചതിന് പിന്നാലെ ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ നുപവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ വേണുഗോപാൽ ദൂത് 64 കോടി രൂപ നിക്ഷേപിച്ചു. ഇത് അനധികൃതമായി വായ്പ തരപ്പെടുത്തിയതിന്റെ പ്രത്യുപകാരമാണെന്നാണ് സിബിഐ ആരോപണം. 2018ലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ആരോപണങ്ങളുയർന്നതിന് പിന്നാലെ ഐസിഐസിഐ ബാങ്കിന്റെ സിഇഒ, എംഡി പദവികളിൽനിന്നും ചന്ദ കൊച്ചാർ രാജി വച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam