Latest Videos

കുതന്ത്രങ്ങൾ പയറ്റി കൈക്കൂലി; വിശ്വാസ്യത നേടി പണം വാങ്ങി പോക്കറ്റിലാക്കി; വില്ലേജ് ഓഫീസര്‍ ഒടുവിൽ പിടിയിൽ

By Web TeamFirst Published Apr 4, 2024, 11:09 PM IST
Highlights

ജോർജ് ജോണിനെതിരെ കൈക്കൂലി ആരോപണവുമായി ഇൻറലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നെന്ന് സൂചനയുണ്ട്

കോട്ടയം: കൈക്കൂലിക്ക് പല തന്ത്രങ്ങൾ പയറ്റിയ വില്ലേജ് ഓഫീസര്‍ പിടിയിലായി. കോട്ടയം ഞീഴൂർ വില്ലേജ് ഓഫീസർ ജോർജ്ജ് ജോണാണ് പിടിയിലായത്. 1300 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിൽ  വിജിലൻസാണ് ജോര്‍ജ്ജ് ജോണിനെ കൈയ്യോടെ പിടികൂടിയത്. വില്ലേജ് ഓഫീസിൽ വൈദ്യുതി ചാർജ് അടയ്ക്കാൻ കാശില്ലെന്ന് പറഞ്ഞായിരുന്നു കൈക്കൂലി പിരിവ്.

കുറവിലങ്ങാട് സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു വില്ലേജ് ഓഫീസറെ കുടുക്കിയ വിജിലൻസിന്റെ കെണി. ജനന-രജിസ്ട്രേഷനുള്ള റിപ്പോർട്ട് തയാറാക്കാൻ യുവാവിൽ നിന്ന് വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടത് 1300 രൂപയായിരുന്നു. വില്ലേജ് ഓഫീസിലെ വൈദ്യുതി ബിൽ അടയ്ക്കാൻ കാശില്ലന്നു പറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പരാതിക്കാരൻ പണം കൈമാറി നിമിഷങ്ങൾക്കകം വിജിലൻസ് വില്ലേജ് ഓഫീസറെ പിടികൂടി. 

വൈദ്യുതി ചാർജിന്റെ പേരിൽ മാത്രമല്ല, വെള്ളക്കരം അടയ്ക്കാൻ എന്ന പേരിലും വില്ലേജ് ഓഫീസർ കൈക്കൂലി വാങ്ങാറുണ്ടായിരുന്നെന്ന് വിജിലൻസിന് വിവരം ലഭിച്ചു. അറസ്റ്റിലായ ജോർജ് ജോണിനെതിരെ കൈക്കൂലി ആരോപണവുമായി ഇൻറലിജൻസ് റിപ്പോർട്ടും ഉണ്ടായിരുന്നെന്ന് സൂചനയുണ്ട്. വിജിലൻസ് എസ്പി വി.ജി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വില്ലേജ് ഓഫീസറെ കുടുക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!