
കണ്ണൂർ: പരിയാരത്ത് മദ്യലഹരിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍റെ അഴിഞ്ഞാട്ടം. റോഡിൽ സൈഡ് നൽകുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയർത്ത ഇയാൾ പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തി. മോശമായി പെരുമാറിയ പ്രദീപനെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പരിയാരം മെഡിക്കൽ കോളേജിന് സമീപം ഒരു ലോറി തന്‍റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പ്രദീപൻ തട്ടിക്കയറി. പൊലീസ് സ്റ്റേഷനിലേക്ക് നിർബന്ധിച്ച് ഡ്രൈവറെ കൂട്ടിക്കൊണ്ടുപോയി. പരിയാരം പൊലീസ് സ്റ്റേഷന് മുന്നിലെത്തിയതോടെ ഇയാൾ ലോറി ഡ്രൈവർക്ക് നേരെ അസഭ്യം പറഞ്ഞു. കയ്യേറ്റത്തിന് ശ്രമിച്ചു.
ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാർ ഇത് തടഞ്ഞതോടെ അവർക്ക് നേരെയായി പരാക്രമം. മദ്യലഹരിയിലായിരുന്ന പൊലീസുകാരനോട് സംയമനം പാലിക്കാൻ സ്റ്റേഷനിലെ പൊലീസുകാർ പറഞ്ഞിട്ടും അയഞ്ഞില്ല. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് പ്രദീപനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പരാതിയില്ലെന്ന് ലോറി ഡ്രൈവർ പറഞ്ഞതോടെ പ്രദീപനെ വിട്ടയച്ചു.
സംഭവത്തിൽ പരിയാരം പൊലീസിനോട് ഡിവൈഎസ്പി വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുമ്പ് കാവുമ്പായിയിൽ ഓട്ടോറിക്ഷ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഇയാൾ ഡ്രൈവറെ കയ്യേറ്റം ചെയ്തിരുന്നു. നാട്ടുകാർ തടഞ്ഞ് പൊലീസിനെ ഏൽപ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പരിയാരത്തെ സംഭവത്തിൽ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam