
ദില്ലി: യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാഭ്യാസ വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ മലയാളി അറസ്റ്റില്‍. കേസിലെ മുഖ്യപ്രതി റോജറിനെ ദില്ലി ഗൂഡ്ഗാവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര സ്വദേശിയായ എലിസ തങ്കരാജൻ പേര് മാറ്റി മാർക്ക് റോജർ ആയതാണെന്ന് പൊലീസ് പറയുന്നു.
ഓൺലൈൻ വഴി വിസ നൽകാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. പട്ടത്തും തമ്പാനൂരും പ്രവർത്തിച്ചിരുന്ന ഇയാളുടെ സ്ഥാപനങ്ങൾ പൂട്ടിയ നിലയിലായിരുന്നു. അൽഫാ മേരി ഇന്‍റർനാഷണൽ എന്ന സ്ഥാപനം വഴി നടന്നത് കോടികളുടെ തട്ടിപ്പാണെന്ന് പൊലീസ് പറയുന്നു. പേരൂർക്കട പൊലീസാണ് ദില്ലിയില്‍ എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
വിസ തട്ടിപ്പ് നടത്തിയ മറ്റൊരു കേസിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇളകൊള്ളൂർ അഭിത് ഭവനത്തിൽ പുഷ്പാംഗദന്റെ മകൻ അജയകുമാർ (49) ആണ് അമ്പലപ്പുഴ പൊലീസിന്റെ പിടിയിലായത്. ഇൻസ്‌പെക്ടർ ദ്വിജേഷ് എസിന്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുറക്കാട് സ്വദേശിയായ ശരത്തിനെ വിദേശത്ത് കൊണ്ടുപോകാമെന്ന് പറഞ്ഞ് പലപ്പോഴായി ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടും ഗ്രീൻ ജോബ് കോൺസുലേറ്റാൻസി എന്ന സ്ഥാപനത്തിന്റെ പേരിൽ 2,20,000 രൂപ കൊടുക്കുകയും ചെയ്തു. 25,000 രൂപ കൊടുത്തപ്പോൾ തന്നെ ഓഫർ ലെറ്റർ കൊടുക്കുകയും അത് വിശ്വസിച്ചു ബാക്കി തുക കൂടി ഇയാൾ കൊടുക്കുകയും ചെയ്തു. പിന്നീടാണ് വ്യാജ ഓഫർ ലെറ്ററാണ് ലഭിച്ചതെന്ന് ശരത്തിന് മനസ്സിലാകുന്നത്. പിന്നാലെ പണം തിരികെ ചോദിച്ചപ്പോൾ റഷ്യയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞ് ശരത്തിന്റെ പാസ്പോർട്ട് വാങ്ങി സ്റ്റാമ്പ് ചെയ്തു കൊടുത്തു. എന്നാൽ വിസ കാലാവധി കഴിഞ്ഞു എന്നറിഞ്ഞ ശരത് പണം തിരികെ ചോദിച്ചു.
പലപ്പോഴായി ഒഴിവ്കഴിവുകൾ പറഞ്ഞു, ഫോൺ എടുക്കാതെയും വന്നതോടെയാണ് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയത്. ശരത്തിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പത്തനംതിട്ടയിൽ നിന്നും അജയ കുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.