'ബാലക്ഷേമസമിതി അംഗമായിരിക്കെ വാളയാർ കേസിൽ അഡ്വ. രാജേഷ് ക്രോസിനെത്തി', വെളിപ്പെടുത്തൽ

By Web TeamFirst Published Oct 31, 2019, 7:16 PM IST
Highlights

ബാലക്ഷേമസമിതി അധ്യക്ഷനായി നിയമിച്ച ശേഷം വാളയാർ കേസില്‍ ഹാജരായിട്ടില്ലെന്നാണ് സര്‍ക്കാരും എന്‍ രാജേഷും വിശദീകരിച്ചത്. എന്നാല്‍ ചുമതല ഏറ്റെടുത്ത  ശേഷം എസ്ഐ ആയിരുന്ന ചാക്കോ എന്ന സാക്ഷിയെ അടക്കം ക്രോസ് വിസ്താരം ചെയ്തത് രാജേഷായിരുന്നുവെന്ന് മുന്‍ പ്രോസിക്യൂട്ടര്‍ ജലജ മാധവൻ തറപ്പിച്ചു പറയുന്നു.

കോഴിക്കോട്/ പാലക്കാട്: വാളയാര്‍ കേസില്‍ ആദ്യ പ്രോസിക്യൂട്ടറെ മാറ്റിയതുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍. ബാലക്ഷേമ സമിതിയുടെ അധ്യക്ഷനായ ശേഷവും അഡ്വ. എന്‍ രാജേഷ് പ്രതിക്ക് വേണ്ടി ഹാജരാകാന്‍ കോടതിയിൽ സാവകാശം ചോദിച്ചിരുന്നു. ഇതിന്‍റെ കോടതി രേഖയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ആദ്യ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ട് മൂന്നാം ദിവസമാണ് അവരെ മാറ്റിയത്.  

കേസിന്‍റെ വക്കാലത്ത് തന്‍റെ ജൂനിയറായ അഡ്വ. ബിന്ദുവിന്‍റെ പേരിലാക്കിയ ശേഷവും അഡ്വ. എന്‍ രാജേഷ് രണ്ട് തവണ ക്രോസ് വിസ്താരത്തിനെത്തിയതായും വ്യക്തമായി. ബാലക്ഷേമസമിതി അധ്യക്ഷനായി നിയമിച്ച ശേഷം കേസില്‍ ഹാജരായിട്ടില്ലെന്നാണ് സര്‍ക്കാരും എന്‍ രാജേഷും വിശദീകരിച്ചത്. എന്നാല്‍ ചുമതല ഏറ്റെടുത്ത  ശേഷം എസ് ഐ ആയിരുന്ന ചാക്കോ എന്ന സാക്ഷിയെ അടക്കം ക്രോസ് വിസ്താരം ചെയ്തത് രാജേഷായിരുന്നുവെന്നും മുന്‍പ്രോസിക്യൂട്ടര്‍ ജലജ തറപ്പിച്ചു പറയുന്നു.

സാങ്കേതികമായി കേസിന്‍റെ വക്കാലത്ത് തന്‍റെ ജൂനിയറായ ബിന്ദുവിന് കൈമാറിയശേഷമായിരുന്നു രാജേഷ് ക്രോസ് വിസ്താരത്തിനെത്തിയതെന്നത് ഗൗരവമുള്ള കാര്യമാണെങ്കിലും കോടതി അത് കാര്യമായെടുത്തില്ല. രാജേഷ് ബാലക്ഷേമസമിതിയില്‍  ചുമതലയേറ്റ ശേഷം അതുമായി ബന്ധപ്പെട്ട തിരക്കുള്ളതിനാല്‍  ഒരു തവണ എത്താനാവില്ലെന്നും കേസ് മാറ്റിവെക്കണമെന്നും കോടതിയെ അറിയിച്ചിരുന്നു.

ഈ അപേക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് പ്രോസിക്യൂട്ടറായിരുന്ന ജലജാമാധവന്‍ ആവശ്യപ്പെട്ട് മൂന്നാം ദിവസമാണ് സര്‍ക്കാര്‍ ജലജയെ മാറ്റിയത്. കേസില്‍ സര്‍ക്കാരും നിയമമന്ത്രിയും ഇടപെട്ടു എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് രാജേഷിന്‍റെ അപ്രീതിക്ക് പാത്രമായ ജലജയെ നീക്കിയ സംഭവം.

പകരം നിയമിക്കപ്പെട്ട ലതാ ജയരാജ് എൽഡിഎഫ് സര്‍ക്കാരിനെതിരെ കേസ് നടത്തി പരാജയപ്പെട്ട ആളാണെന്നതും ശ്രദ്ധേയമാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത്  ആദ്യം നിയമനം ലഭിച്ച ലത അത് നിലനിര്‍ത്താന്‍ സര്‍ക്കാരിനെതിരെ കേസ് നടത്തിയിരുന്നു. അത്തരമൊരാളെ തന്നെ വാളയാര്‍ കേസ് പോലുള്ള സുപ്രധാന കേസില്‍ പ്രോസിക്യൂട്ടറാക്കിയത് എന്ത് താത്പര്യം പരിഗണിച്ചാണെന്ന ചോദ്യത്തിന് നിയമമന്ത്രിക്കോ വകുപ്പിനോ മറുപടിയില്ല. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍റെ ശുപാര്‍ശയനുസരിച്ചാണെന്ന സൂചന തെളിഞ്ഞാല്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകും.

click me!