ആ ഒമ്പത് പേരെയും കൊന്ന് കിണറ്റില്‍ തള്ളിയത് മറ്റൊരു കൊലപാതകം മറയ്ക്കാനെന്ന് പൊലീസ്

By Web TeamFirst Published May 26, 2020, 3:12 PM IST
Highlights

മഖ്‌സൂദ് ആലം(48), ഭാര്യ നിഷ, മൂന്ന് മക്കള്‍, മൂന്ന് വയസ്സുകാരനായ പേരമകന്‍ അടക്കം ഒമ്പത് പേരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
 

ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കലില്‍ ഒമ്പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിശദീകരണവുമായി പൊലീസ്. പ്രതിയായ സഞ്ജയ് കുമാര്‍(24) എന്ന യുവാവ് മറ്റൊരു യുവതിയുടെ കൊലപാതക വിവരം പുറത്തറിയിക്കാതിരിക്കാനാണ് ഒമ്പത് പേരെ കൊലപ്പെടുത്തി കിണറ്റിലിട്ടതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് ബിഹാര്‍ സ്വദേശിയായ സഞ്ജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവതിയെയും സഞ്ജയ് കുമാര്‍ കൊലപ്പെടുത്തിയതാണെന്നും പൊലീസ് പറഞ്ഞു. മഖ്‌സൂദ് ആലം(48), ഭാര്യ നിഷ, മൂന്ന് മക്കള്‍, മൂന്ന് വയസ്സുകാരനായ പേരമകന്‍ അടക്കം ഒമ്പത് പേരെയാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

20 വര്‍ഷം മുമ്പാണ് മഖ്‌സൂദ് ബംഗാളില്‍ നിന്ന് വാറങ്കലില്‍ സ്ഥിരതാമസമാക്കിയത്. പ്രതിയായ സഞ്ജയ് കുമാറും റഫീഖ എന്ന മറ്റൊരു യുവതിയും അടുപ്പത്തിലായിരുന്നു. നിഷയുടെ മാതാവിന്റെ സഹോദരീ പുത്രിയായിരുന്നു റഫീഖ. സഞ്ജയുമായി ഒരുമിച്ച് താമസിക്കുന്നതിനിടെ റഫീഖ  ട്രെയിനില്‍ നിന്ന് വീണ് മരിച്ചിരുന്നു. മാര്‍ച്ച് ആറിനാണ് റഫീഖ കൊല്ലപ്പെട്ടത്. എന്നാല്‍, റഫീഖയെ ഉറക്കഗുളിക നല്‍കിയ സഞ്ജയ് കൊലപ്പെടുത്തിയതാണെന്ന് മഖ്‌സൂദിന്റെ ഭാര്യ സഞ്ജയിനെ ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് കുടുംബത്തെ ഒന്നടങ്കം ഇയാള്‍ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തിയത്. ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി എല്ലാവരെയും കിണറ്റില്‍ തള്ളുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. 

മഖ്‌സൂദ് ആലത്തിന്റെ മകളുമായി സഞ്ജയ് അടുപ്പത്തിലായി. എന്നാല്‍ റഫീഖയുടെ മരണ വിവരമറിഞ്ഞ ബുഷ്‌റ ബന്ധത്തില്‍ നിന്ന് പിന്മാറിയതും പ്രതികാരത്തിന് കാരണമായി. റഫീഖയുടെ ആദ്യ ബന്ധത്തിലെ മകളുമായി സഞ്ജയ് അടുക്കാന്‍ ശ്രമിച്ചതും പ്രശ്‌നമായി. തന്നെ വിവാഹം ചെയ്യണമെന്നും അല്ലെങ്കില്‍ പൊലീസില്‍ പരാതിപ്പെടുമെന്നും റഫീഖ ഭീഷണിപ്പെടുത്തി. പിന്നീട് വിവാഹക്കാര്യം ചര്‍ച്ച ചെയ്യാന്‍ നാട്ടില്‍ പോകുകയാണെന്ന് പറഞ്ഞാണ് റഫീഖയുമായി സഞ്ജയ് നാട്ടിലേക്ക് തിരിച്ചത്. ഈ യാത്രയിലാണ് റഫീഖയെ കൊലപ്പെടുത്തിയത്.  മൂന്ന് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി ഒമ്പത് പേരെയും കൊലപ്പെടുത്തി കിണറ്റില്‍തള്ളിയത്. ആത്മഹത്യയാക്കി വരുത്തി തീര്‍ക്കാനാണ് കിണറ്റില്‍ തള്ളിയത്. 
 

click me!