
ഗാന്ധിനഗർ: വിവാഹ ഘോഷയാത്രയ്ക്ക് കുതിര സവാരി നടത്തിയ ദളിത് സൈനികന് നേരെ കല്ലേറ്. ഗുജറാത്തിലെ ബനസ്‌കനാനന്ത ജില്ലയിലെ ശരീഫ്ദാ ഗ്രാമത്തിലാണ് സംഭവം. ആകാശ് കുമാര്‍ എന്ന സൈനികന് നേരെയാണ് കല്ലേറ് നടന്നത്.
കരസേനയിലെ പൊലീസ് വിഭാഗത്തിലാണ് 22 കാരനായ ആകാശ് കുമാര്‍ ജോലി ചെയ്യുന്നത്. ബെംഗളൂരുവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ആകാശ് ഈയടുത്താണ് മീററ്റില്‍ ജോലിയില്‍ പ്രവേശിച്ചത്. വരൻ കുതിര സവാരി നടത്തിയാൽ തടയുമെന്ന് താക്കൂര്‍ കോലി സമുദായത്തിൽപ്പെട്ടവർ നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആകാശിന്റെ സഹോദരന്‍ വിജയ് പറഞ്ഞതായി ഇന്ത്യൻ എക്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജമ്മു കശ്മീരില്‍ സൈനികനായി ജോലി ചെയ്യുകയാണ് വിജയ്.
ഭീഷണിക്ക് പിന്നാലെ കുടുംബം പൊലീസിന് പരാതി നല്‍കുകയും ഉദ്യോഗസ്ഥർ വിവാഹ ഘോഷയാത്രയെ അനുഗമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഘോഷയാത്ര തുടങ്ങിയ ഉടനെ ഒരു സംഘം കല്ലേറ് നടത്തുകയായിരുന്നു. അക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് ആകാശ് രക്ഷപ്പെട്ടത്. തുടർന്ന് ആകാശിനെ പൊലീസ് വാഹനത്തിലേക്ക് മാറ്റി. കല്ലേറില്‍ മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തി. ഇവരുടെ സഹായത്തോടെയാണ് വരനും സംഘവും വധുവിന്റെ ഗ്രാമമായ പാലന്‍പൂര്‍ താലൂക്കിലെ സുന്‍ദ ഗ്രാമത്തിലേക്ക് എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് താക്കൂര്‍ കോലി സമുദായത്തിൽപ്പെട്ട പതിനൊന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍, ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. നേരത്തെയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഗുജറാത്തിൽ ഉണ്ടായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam