സൈനികനെ സയനൈഡ് നൽകി കൊലപ്പെടുത്തി; ഭാര്യയും കാമുകനുമുൾപ്പടെ നാലുപേര്‍ പിടിയില്‍

By Web TeamFirst Published Nov 17, 2019, 11:20 AM IST
Highlights

കോടതിയിൽ ഹാജരാക്കിയ നാലുപേരെയും നവംബർ പത്തൊമ്പത് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സഞ്ജയ്ക്കും ശീതളിനും പത്ത് വയസുള്ള ഒരു മകനും എട്ടുവയസുകാരിയായ മകളും ഉണ്ട്.

പൂനെ: സോഡിയം സയനൈഡ് നൽകി സൈനികനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യ ഉൾപ്പടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മുപ്പത്തി എട്ടുകാരനായ സഞ്ജയ് ബോസലെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ ശീതളിന്റെ അവിഹിത ബന്ധം കണ്ടെത്തിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.

സഞ്ജയുടെ മൃതദേഹം അഞ്ച് ദിവസം മുമ്പ് ബംഗളൂരു- പൂനെ ഹൈവേയില്‍ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശീതളും കാമുകന്‍ യോഗേഷ് കദവും ഇയാളുടെ രണ്ടു കൂട്ടാളികളും പിടിയിലാവുന്നത്. അവധി ലഭിച്ച സഞ്ജയ് നവംബര്‍ ഏഴിനാണ് വീട്ടിലെത്തിയത്. യോഗേഷുമായുള്ള ബന്ധമറിഞ്ഞ ഇയാൾ ശീതളിനോട് ഇതേപറ്റി ചോദിച്ചു. പിന്നാലെ കുടുംബത്തോടൊപ്പം മറ്റൊരിടത്തേക്ക് താമസം മാറാൻ സഞ്ജയ് തീരുമാനിക്കുകയായിരുന്നു. ‌

പ്രതീക്ഷിക്കാതെ ഉള്ള സഞ്ജയുടെ തീരുമാനം ശീതളിന് അം​ഗീകരിക്കാൻ കഴിഞ്ഞില്ല. തുടര്‍ന്ന് ഇയാളെ കൊല്ലാന്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഗൂഢാലോചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സോഡിയം സയനൈഡ് കലർത്തിയ വെള്ളം കുടിക്കാൻ നൽകിയാണ് ശീതൾ ഭർത്താവിനെ കൊലപ്പെടുത്തിയത്. കൃത്യം നടത്തിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. 

സഞ്ജയുടെ കൊലപാതകത്തിന് പിന്നാലെ ശീതളിനെ ചോദ്യം ചെയ്തപ്പോൾ  മൊഴിയില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുടുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. രണ്ടുവര്‍ഷമായി ശീതളും യോഗേഷും പ്രണയത്തിലായിരുന്നു. ഇത് കണ്ടെത്തിയ സൈനികന്‍ ഭാര്യയെ ചോദ്യം ചെയ്തു. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കാന്‍ സൈനികനെ കൊലപ്പെടുത്താന്‍ ഇരുവരും ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

കോടതിയിൽ ഹാജരാക്കിയ നാലുപേരെയും നവംബർ പത്തൊമ്പത് വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സഞ്ജയ്ക്കും ശീതളിനും പത്ത് വയസുള്ള ഒരു മകനും എട്ടുവയസുകാരിയായ മകളും ഉണ്ട്.
 

click me!