Latest Videos

ഭാര്യയെയും പിഞ്ചുകുഞ്ഞുങ്ങളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം, 6 ലക്ഷം രൂപ പിഴ

By Web TeamFirst Published Mar 30, 2024, 11:03 PM IST
Highlights

മൂന്ന് കൊലപാതകങ്ങൾക്കും മൂന്ന് ജീവപര്യന്തം കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒരു കേസിൽ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. 

കൊല്ലം: കൊല്ലം കുണ്ടറ ഇടവട്ടത്ത് ഭാര്യയെയും രണ്ട് മക്കളെയും വിഷം കുത്തിവച്ചു കൊന്ന പ്രതിയ്ക്ക് ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയും ശിക്ഷ. മൺട്രോതുരുത്ത് പെരുങ്ങാലം സ്വദേശി അജി എന്ന എഡ്വേർഡ്സിനെയാണ് കൊല്ലം നാലാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 

2021 മേയ് 11ന് കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടിലായിരുന്നു കൊലപാതകം. ഭാര്യ വർഷ, മക്കളായ 2 വയസുള്ള അലൻ, മൂന്നു മാസം പ്രായമുളള ആരവ് എന്നിവരെയാണ് എഡ്വേർഡ് വിഷം കുത്തിവച്ചു കൊന്നത്. മൂന്ന് കൊലപാതകങ്ങൾക്കും മൂന്ന് ജീവപര്യന്തം കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒരു കേസിൽ 2 ലക്ഷം രൂപ വച്ച് 6 ലക്ഷം രൂപയും പിഴയായി നൽകണം. 

മെഡിക്കൽ സ്‌റ്റോർ ജീവനക്കാരനായിരുന്ന എഡ്വേർഡ് അനസ്തേഷ്യയ്ക്കു മുൻപ് നൽകുന്ന മരുന്ന് കുത്തിവച്ചാണ് ഭാര്യയെയും മക്കളെയും കൊന്നത്. മുറിയിൽ അബോധാവസ്ഥ അഭിനയിച്ചു കിടന്ന എഡ്വേർഡിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പരിശോധനയിൽ അടവാണെന്ന് തെളിഞ്ഞു. പ്രതി കുറ്റ സമ്മതവും നടത്തി. ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണം.

അഞ്ച് വയസുണ്ടായിരുന്ന മൂത്തമകൾക്ക് മരുന്ന് കുത്തിവച്ചിരുന്നില്ല. മകൾ സ്വയം ജീവിച്ചുകൊള്ളുമെന്ന തോന്നലിൽ കൊല്ലാതിരുന്നെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകം നേരിൽ കണ്ട മകളുടെ മൊഴി കേസിൽ നിർണായകമായി. കേസിൽ 28 തൊണ്ടി മുതലുകൾ പൊലീസ് ശേഖരിച്ചു. 58 സാക്ഷികളെ വിസ്തരിച്ചു. 89 രേഖകളും തെളിവായി ഹാജരാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!