
മലപ്പുറം: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ എന്ന് ഫേസ്ബുക്ക് വഴി വ്യാജപ്രചാരണം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദീനെ (45)യാണ് തിരൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
മാര്‍ച്ച് 25ന് അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നും ഈ സമയം ബിജെപിക്ക് അനുകൂലമായി ഇ.വി.എം മെഷീന്‍ തയ്യാറാക്കുമെന്നും ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം ലഭിക്കുമെന്നും കാണിച്ചാണ് ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്ന് പൊലീസ് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചു വരുന്ന കൊച്ചി ആസ്ഥാനമായ സൈബര്‍ ഡോമില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരൂര്‍ പൊലീസ് കേസ് എടുത്തത്. തിരൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷ്, എസ്.ഐ എ.ആര്‍ നിഖില്‍, സി.പി.ഒമാരായ അരുണ്‍, ധനീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെ കുറിച്ച് പൊലീസിന്റെ സോഷ്യല്‍ മീഡിയ നിരീക്ഷണ സംഘങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാമെന്നും ഡിജിപി അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam