ഭാര്യയെ കാണാനെത്തുമെന്ന ഫോണ്‍ കോള്‍ ചതിച്ചു; ദില്ലിയിലെ കൊടുംകുറ്റവാളി ഹാഷിം ബാബ പിടിയിലായത് ഇങ്ങനെ

By Web TeamFirst Published Nov 12, 2020, 6:17 PM IST
Highlights

ഭാര്യയുടെ വീട്ടില്‍ നിന്ന് പുറത്ത് വരുന്നതിനിടയിലാണ് അറസ്റ്റ്. ഇയാളുടെ സഹായിയുടെ ഫോണ്‍ കോളാണ് ഹാഷിമിനെ പിടികൂടാന്‍ സഹായിച്ചതെന്നാണ് വിവരം

ദില്ലി: ദില്ലി പൊലീസിന്‍റെ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുന്ന ഹാഷിം ബാബ അറസ്റ്റിലായി. ഭാര്യയെ കാണാനായി ദില്ലിയിലെത്തിയ ഹാഷിമിനെ ദില്ലി പൊലീസിന്‍റെ സ്പെഷ്യല്‍ സെല്‍ പിടികൂടുകയായിരുന്നു. കീഴടങ്ങാന്‍ ആവശ്യപ്പെട്ട പൊലീസിന് നേരെ വെടിയുതിര്‍ത്ത ഹാഷിമിനെ പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പൊലീസ് തെരച്ചില്‍ നടക്കുന്നതിനിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായിരുന്ന ഷാഷിം ബാബ അടുത്തിടെ യുവാക്കളെ തന്‍റെ സംഘത്തിലേക്ക് ക്ഷണിച്ചിരുന്നു. മുസ്തഫാബാദ് സ്വദേശിയായ ഹാഷിമിനെതിരെ വടക്ക് കിഴക്കന്‍ ദില്ലിയിലെ ജാഫ്രാബാദ് പൊലീസ് സ്റ്റേഷനില്‍ നിരവധി കൊലപാതകക്കേസും കൊലപാതകശ്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്താല്‍ ആറ് ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്. 

ഇരുപത്തഞ്ചാം വയസിലാണ് ഹാഷിം കുറ്റകൃത്യങ്ങള്‍ ആരംഭിച്ചത്. ദില്ലിക്ക് പുറത്ത് നിന്ന് വരുന്ന ആളായിട്ട് കൂടിയും കുറ്റകൃത്യങ്ങളില്‍ ധാരാളം സുഹൃത്തുക്കളെ നേടാന്‍ ഹാഷിമിന് സാധിച്ചിരുന്നു. എതിരാളികളെ എങ്ങനെ നിശബ്ദരാക്കണമെന്നതും ആവശ്യമെങ്കില്‍ സുഹൃത്തുക്കളെ പോലും ഒറ്റുകൊടുക്കുന്നതും  അധോലോകത്ത് വളരെ പെട്ടന്ന് ഹാഷിമിനെ ശ്രദ്ധയില്‍ കൊണ്ടുവന്നു. പന്ത്രണ്ട് വര്‍ഷത്തിനിടയില്‍ കൊലപാതകമടക്കമുള്ള നിരവധിക്കേസുകളാണ് ഹാഷിമിന് എതിരെയുള്ളത്. വടക്കുകിഴക്കന്‍ ദില്ലിയിലെ പ്രധാന സംഘമുണ്ടാക്കിയ ഹാഷിം ദാവൂദ് ഇബ്രാഹിമിനെ അനുകരിച്ചിരുന്നു. അസിം എൻ്ന പേര് പിന്നീട് ഹാഷിം ബാബ എന്ന് ആക്കുകയായിരുന്നു ഈ അധോലോകനായകന്‍. 

ഷാഹ്ദ്ര ജില്ലയിലെ സുഭാഷ് പാര്‍ക്കിന് പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്ന് 9 എംഎം പിസ്റ്റളും തിരയും പിടിച്ചെടുത്തിട്ടുണ്ട്. ഭാര്യയുടെ വീട്ടില്‍ നിന്ന് പുറത്ത് വരുന്നതിനിടയിലാണ് അറസ്റ്റ്. ഇയാളുടെ സഹായിയുടെ ഫോണ്‍ കോളാണ് ഹാഷിമിനെ പിടികൂടാന്‍ സഹായിച്ചതെന്നാണ് വിവരം. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഹാഷിം കാണാന്‍ വരുമെന്ന് സഹായി ഭാര്യയെ അറിയിക്കുകയായിരുന്നു. ഹാഷിമിന്‍റെ ഭാര്യ രഹസ്യമായി ഉപയോഗിച്ചിരുന്ന ഫോണിന്‍റെ വിവരങ്ങള്‍ ദില്ലി പൊലീസിന് ലഭിച്ചതാണ് അറസ്റ്റില്‍ നിര്‍ണായകമായത്. 

വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് ഹാഷിമിന്‍റെ ഭാര്യാവീട് വളഞ്ഞു. വീടിനുള്ളിലുണ്ടായിരുന്ന ഹാഷിമിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറാകാതെ വെടിയുതിര്‍ക്കുകയായിരുന്നു. 

 

click me!