അത്ര എളുപ്പത്തിൽ അടങ്ങുമോ നിലമ്പൂർ രാധ വധക്കേസിലെ വിവാദക്കൊടുങ്കാറ്റ്

By Web TeamFirst Published Mar 31, 2021, 12:04 PM IST
Highlights

സമൂഹത്തിൽ ഉന്നതസ്വാധീനമുള്ള മറ്റാർക്കൊക്കെയോ വേണ്ടി വേണ്ടി പ്രതികൾ കുറ്റം ഏറ്റെടുക്കുകയാണെന്ന തരത്തിലുള്ള ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു.

ഏറെ വിവാദങ്ങൾക്ക് കാരണമായ നിലമ്പൂർ രാധ വധക്കേസിലെ പ്രതികളെ ഇന്ന് ഹൈക്കോടതി വെറുതെ വിട്ടിരിക്കുകയാണ്. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. പ്രതികൾക്ക് നേരത്തെ കീഴ്‌ക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു എങ്കിലും, ഈ പ്രതികൾക്കെതിരായ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. 2014-ലാണ്, നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫീസ് തൂപ്പുകാരിയായിരുന്ന, 49 വയസ്സ് പ്രായമുള്ള, ചിറയ്ക്കൽ വീട്ടിൽ രാധ കൊല്ലപ്പെടുന്നത്. 

2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം, ഒടുവിൽ ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ നിന്ന് പോലീസ് കണ്ടെടുക്കുകയാണ് ഉണ്ടായത്. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ ഈ പ്രതികളെ സിഐ  എ പി ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയിരുന്നു. രാവിലെ ഒമ്പത് മണിയോടെ അടിച്ച് വാരാൻ എത്തിയ രാധയെ പത്ത് മണിയോടെ കഴുത്ത് ഞെരിച്ച് കൊന്നു, ചാക്കിലിട്ട് മറ്റ് ചപ്പ് ചവറുകളുടെ കൂടെ ഷംസുദ്ധീന്റെ ഓട്ടോയിൽ കൊണ്ട് പോയി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ആദ്യം പ്രതികൾ നൽകിയ മൊഴി.

ഒന്നാം പ്രതി ബിജുവിന്റെ അവിഹിത ബന്ധം പുറത്തുപറയുമെന്നുള്ള രാധയുടെ ഭീഷണിയും ഇവർ തമ്മിലുള്ള പണമിടപാടിലെ പ്രശ്നങ്ങളുമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. രാധ തൂപ്പുജോലി ചെയ്തിരുന്ന അതേ കോൺഗ്രസ് ഓഫീസിലെ ജീവനക്കാരനുംപല കോൺഗ്രസ് നേതാക്കളുടെയും പേഴ്‌സണൽ സ്റ്റാഫംഗവുമായിരുന്നു കേസിലെ ഒന്നാം പ്രതി എന്നതുകൊണ്ടുതന്നെ അന്ന് ഈ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 

 

 

സംഭവം നടന്ന ദിവസം, ഫെബ്രുവരി അഞ്ചാം തീയതി, ബുധനാഴ്ച​ രാവിലെ​ എട്ടരയോടെ, സ്വന്തം വീട്ടിൽ​ ​നിന്നും​ കോൺഗ്രസ് ഓഫീസിലേക്ക് പതിവുപോലെ ജോലിക്ക് പോയ രാധയെ​ പിന്നീടാരും ജീവനോടെ ​കണ്ടില്ല.​ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് അവരുടെ സഹോദരൻ  നിലമ്പൂർ സബ് ഇൻസ്പെക്ടർ മുമ്പാകെ പരാതി നൽകുക യായിരുന്നു. തുടർന്ന് നടന്ന തെരച്ചിലിനൊടുവിൽ ഞായറാഴ്ച​ വൈകിട്ട് നാലോടെയാണ് ചുള്ളിയോട് പരപ്പൻ​പൂച്ചാലിൽ കാട് മൂടിക്കിടക്കുന്ന ഒരു കുളത്തിൽ നിന്ന് രാധയുടെ മൃതദേഹം ​കണ്ടെത്തിയത്. ആൾ​താമസമില്ലാത്ത പ്രദേശത്ത് കാടു മൂടിക്കിടക്കുന്ന കുളത്തിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. 

തികച്ചും യാദൃച്ഛികമായിട്ടാണ് മൃതദേഹം കണ്ടെത്തപ്പെടുന്നത്. ഫെബ്രുവരി ഒൻപതാം തീയതി രാവിലെ പ്രസ്തുത കോമ്പൗണ്ടിലേക്ക്, കേടായ മോട്ടോർ റിപ്പയർ ചെയ്യാനെത്തിയ ചില തൊഴിലാളികളാണ് ഒരു കയ്യും കാലും പുറത്തേക്ക് ചാടിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ആകെ അഴുകി ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു ജഡം. തുണികൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ​ നിലയിലായിരുന്ന ആ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെടുക്കുമ്പോൾ ദേഹത്ത് അടിവസ്ത്രം​മാത്രമാണുണ്ടായിരുന്നത്.​

രാധയുടെ വസ്ത്രങ്ങൾ കത്തിച്ചു കളയുകയും ചെരിപ്പ് വലിച്ചെറിയുകയും, മൊബൈൽ ഫോൺ സിം ഊരിയ ശേഷം നശിപ്പിക്കുകയും ചെയ്തു എന്നാണ് അന്ന് പ്രതികൾ നൽകിയ മൊഴി. ഈ മൊഴികൾ ആശ്രയിച്ചാണ് പ്രോസിക്യൂഷൻ കേസ് കെട്ടിപ്പടുത്തതും, സെഷൻസ് കോടതിയിൽ അവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചതും. എന്നാൽ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ മേല്പറഞ്ഞതിനൊന്നും കൃത്യമായ തെളിവുകളുടെ പിന്തുണയില്ല എന്ന് കണ്ടെത്തിയ കോടതി, തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടാൻ ഉത്തരവിടുകയായിരുന്നു. 

 

 

കൊലപാതകത്തിൽ ബിജു നായർ മാത്രമല്ല, മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്നും, സമൂഹത്തിൽ ഉന്നതസ്വാധീനമുള്ള മറ്റാർക്കൊക്കെയോ വേണ്ടി വേണ്ടി ബിജു കുറ്റം ഏറ്റെടുക്കുകയാണെന്നും ഇതിനു മുമ്പും രണ്ട് വട്ടം വാഹനം കൊണ്ട് ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ആരോപിച്ചുകൊണ്ട്, അധികം  വൈകാതെ  രാധയുടെ സഹോദരൻ ഭാസ്കരൻ  രംഗത്തുവരികയും, വിഎം സുധീരൻ അടക്കമുള്ള പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും പരാതി നല്കുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെ, ഏറെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമായ, തുടർന്നുള്ള പല സംവാദങ്ങളിലും കോൺഗ്രസിനെതിരെ ഇടതുപക്ഷം ഒരു പ്രധാന ആയുധമായി എടുത്തുപയോഗിച്ചു പോന്നിരുന്ന ഈ കൊലക്കേസിൽ, പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി പുറത്തുവന്നു എങ്കിലും, ഈ കേസ് ഉയർത്തിയിട്ടുള്ള വിവാദങ്ങളുടെ കൊടുങ്കാറ്റ് അടുത്തൊന്നും അടങ്ങുന്ന ലക്ഷണമില്ല. 

click me!