
തെലങ്കാന: കഴിഞ്ഞ നിരവധി വർഷങ്ങളായി 139 പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് തെലങ്കാന സ്വദേശിയായ 25കാരി പരാതി നൽകി. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാധ്യമപ്രവർത്തകർ, അഭിഭാഷകർ, ബിസിനസുകാർ എന്നിവരുടെ പേരുകൾ യുവതി പരാതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പാഞ്ചഗുട്ട പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരിക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 42 പേജുള്ള എഫ്ഐആർ തയ്യാറാക്കിയതായി പൊലീസ് അറിയിച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്കായി അയച്ചു. വിവാഹിതയായി ഒരു വർഷത്തിനുള്ളിൽ തന്നെ യുവതി വിവാഹമോചനം നേടിയിരുന്നു. 2009 ൽ വിവാഹിതയായതിന് ശേഷം കുടുംബാംഗങ്ങളായ 20 പേർ ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതിയിൽ പറയുന്നു. വിവാഹമോചനത്തിന് ശേഷം പഠനം തുടരാൻ വേണ്ടി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. പിന്നീട് നിരവധി പേർ ലൈംഗികമായി ആക്രമിച്ചുവെന്നും പൊലീസിൽ അറിയിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തുന്നു.
ഭയം, ആശങ്ക, പ്രതികളിൽ നിന്നുള്ള ഭീഷണി എന്നിവയെതുടർന്നാണ് പൊലീസിൽ അറിയിക്കാൻ കാലതാമസം നേരിട്ടതെന്നും യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. പരാതിയെ തുടർന്ന് പ്രസക്തമായ ഐപിസി വകുപ്പുകൾ ചുമത്തി കേസെടുത്തതായും 42 പേജുള്ള എഫ്ഐആർ തയ്യാറാക്കി അന്വഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam