
അഗർത്തല: കൊവിഡ് പരിശോധനയ്ക്കായി സ്രവം എടുത്തതിനെ തുടർന്ന് മൂന്നു ദിവസം പ്രായമുള്ള ശിശു മരിച്ചതായി യുവതിയുടെ പരാതി. സ്രവ സാമ്പിൾ പരിശോധിക്കുന്ന സമയം വരെ കുഞ്ഞ് ആരോഗ്യവാനായിരുന്നു. പിന്നീട് മൂക്കിനുള്ളിൽ നിന്ന് രക്തസ്രാവം ആരംഭിച്ചു. കുഞ്ഞിന് കുഴപ്പമില്ലെന്ന് ഡോക്ടർമാർ ഉറപ്പ് പറഞ്ഞെങ്കിലും കുറച്ച് സമയത്തിന് ശേഷം കുഞ്ഞ് മരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസിന്റെ വാർത്തയിൽ പറയുന്നു.
യുവതിയുടെ പരാതിയിൻമേൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. ആ മാസം ആദ്യമാണ് സംഭവം നടന്നത്. സിആർപിസി 157 പ്രകാരമാണ് കേസ് ചുമത്തി അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനായ സുബിമാൽ ബർമൻ വ്യക്തമാക്കി. കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. രോഗം ഭേദമായി ആശുപത്രി വിട്ടതിന് ശേഷമാണ് യുവതി പരാതി നൽകിയത്. ആഗസ്റ്റ് 10 ന് ഗോവിന്ദ വല്ലഭ് പാന്ത് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഓഗസ്റ്റ് 12 ന് മരിച്ചു.
അമ്മ കൊവിഡ് പോസിറ്റീവ് ആയതിനാലാണ് കുഞ്ഞിന്റെ സ്രവം പരിശോധിക്കാൻ തീരുമാനിച്ചതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. കൊവിഡ് നെഗറ്റീവായതിനെ തുടർന്നാണ് യുവതി ആശുപത്രി വിട്ടത്. കുഞ്ഞ് മരിച്ചതിന് ശേഷം സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഇവർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചതായി ആശുപത്രി അധികൃതർ വ്യക്തമാക്കി. ഓഗസ്റ്റ് 2 ന് രണ്ട് ദിവസം പ്രായമുള്ള പെൺകുഞ്ഞ് കൊവിഡ് പൊസിറ്റീവായതിനെ തുടർന്ന് ഇതേ ഹോസ്പിറ്റലിൽ മരിച്ചിരുന്നു. ത്രിപുരയിൽ 9927 പേരാണ് കൊവിഡ് ബാധിതരായിട്ടുള്ളത്. 6839 പേർ രോഗമുക്തി നേടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam