
ബെംഗളൂരു: ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ സംഭവത്തില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. ബെംഗളൂരുവിലാണ് സംഭവം. കോലാർ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദ എന്ന അനിലയാണ് കൊല്ലപ്പെട്ടത്. ഭാര്യ ചൈത്ര (28), കാമുകൻ ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റൊരു കൊലയാളി നവീനെ പിടികൂടിയിട്ടില്ല. ഹൊസ്‌കോട്ട് നന്ദഗുഡിക്ക് സമീപമുള്ള ബീമാക്കനഹള്ളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറിയിലാണ് ആനന്ദയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ഓടെയാണ് പ്രദേശവാസി ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ നന്ദഗുഡി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിഞ്ഞു. തുടര്‍ന്ന് സർക്കിൾ ഇൻസ്പെക്ടർ രംഗസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം മൂവരെയും അറസ്റ്റ് ചെയ്തു. ട്രക്ക് ഡ്രൈവറായ ആനന്ദ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചൈത്രയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നാല്‍ കുറച്ച് കാലമായി അയൽവാസിയായ ചലപതിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് ആനന്ദ അറിഞ്ഞു. പലതവണ ചൈത്രയെ താക്കീത് ചെയ്തു. നാല് മാസം മുമ്പ്, ചലപതി തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി പൊലീസിൽ പീഡന പരാതി നൽകി.
പൊലീസ് ചലപതിയെ താക്കീത് ചെയ്തു. ആദ്യം ചൈത്രയോട് ദേഷ്യപ്പെട്ടെങ്കിലും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ഇരുവരും വീണ്ടും അടുപ്പത്തിലായി. രോഷാകുലനായ ആനന്ദ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിച്ചു. ഇയാളുടെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാനും ബന്ധം തുടരാനും ആനന്ദിനെ ഇല്ലാതാക്കാൻ ചൈത്ര തീരുമാനിച്ചു. തുടര്‍ന്ന് കാമുകനുമായി ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി. ചൈത്ര തന്റെ സഹോദരന്റെ സുഹൃത്തായ പൃഥ്വിരാജുമായി ബന്ധപ്പെടുകയും ആനന്ദയെ കൊല്ലാൻ ക്വട്ടേഷന്‍ നല്‍കുകയും ചെയ്തു. ഒരു ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. അഡ്വാൻസായി 5,000 രൂപ നൽകിയെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam