ഉള്ളി മോഷണം ആരോപിച്ച് പിടിച്ചു കെട്ടി മർദ്ദിച്ചു; എഴുപതുവയസ്സുള്ള വൃദ്ധ ആത്മഹത്യ ചെയ്തു

By Web TeamFirst Published Feb 4, 2020, 2:54 PM IST
Highlights

''അമ്മയെ അടിക്കുകയും കളിയാക്കുകയും ചെയ്തു. കൂടാതെ 14000 രൂപ പിഴയടയ്ക്കാനും ഉപ ​ഗ്രാമ മുഖ്യൻ നിർദ്ദേശിച്ചു. നാണക്കേട് മൂലമാണ് അമ്മ ആത്മഹത്യ ചെയ്തത്. ഞങ്ങൾക്ക് നീതി ലഭിക്കണം. അമ്മയെ അക്രമിച്ചവർക്ക് തക്കതായി ശിക്ഷ ലഭിക്കണം.'' വൃദ്ധയുടെ മകൾ ബിനാ റാണി സർക്കാർ പറഞ്ഞു. 

ബം​ഗാൾ: ഉള്ളിമോഷണം ആരോപിച്ച് ​ഗ്രാമത്തിലെ വിളക്കുകാലിൽ കെട്ടിയിട്ട് മർദ്ദനമേറ്റതിൽ മനം നൊന്ത് എഴുപത് വയസ്സുള്ള വൃദ്ധ ആത്മഹത്യ ചെയ്തു. കെട്ടിയിട്ട് മർദ്ദിക്കുക മാത്രമല്ല, ഇവരെ കം​ഗാരു കോടതിയിൽ (പക്ഷപാതപരമായി വിധി പ്രസ്താവിക്കുന്ന നിയമസാധുതയില്ലാത്ത കോടതി) വിചാരണ ചെയ്യുകയും ചെയ്തു. ബം​ഗാളിലെ ദിനാജ്പൂർജില്ലയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അയൽവാസിയുടെ കൃഷിയിടത്തിൽ നിന്ന് ഉള്ളി മോഷ്ടിച്ചുവെന്നായിരുന്നു വൃദ്ധക്കെതിരെ ഉയർന്ന ആരോപണം. എഴുപത് വയസ്സുള്ള മിനാട്ടി മൊണ്ടോൾ എന്ന വൃദ്ധയാണ് ആത്മഹത്യ ചെയ്തത്. 

''ഉള്ളി മോഷ്ടിച്ചു എന്ന ആരോപണത്തെ തുടർന്ന് പഞ്ചായത്തിലെ ഉപ ​ഗ്രാമ മുഖ്യനുൾപ്പെടെയുള്ളവർ ചേർന്നാണ് വൃദ്ധയെ കം​ഗാരു കോർട്ടിൽ വിചാരണയ്ക്ക് വിധേയയാക്കിയത്. അതിനെ തുടർന്നാണ് ഇവർ ആത്മഹത്യ ചെയ്തത്. സംഭവത്തെക്കുറിച്ച് ഞങ്ങൾ  കൂടുതൽ അന്വേഷണം നടത്തിവരികയാണ്.'' ദിനാജ്പൂർ പൊലീസ് സൂപ്രണ്ട് സുമിത് കുമാർ വ്യക്തമാക്കി. ''അമ്മയെ അടിക്കുകയും കളിയാക്കുകയും ചെയ്തു. കൂടാതെ 14000 രൂപ പിഴയടയ്ക്കാനും ഉപ ​ഗ്രാമ മുഖ്യൻ നിർദ്ദേശിച്ചു. നാണക്കേട് മൂലമാണ് അമ്മ ആത്മഹത്യ ചെയ്തത്. ഞങ്ങൾക്ക് നീതി ലഭിക്കണം. അമ്മയെ അക്രമിച്ചവർക്ക് തക്കതായി ശിക്ഷ ലഭിക്കണം.'' വൃദ്ധയുടെ മകൾ ബിനാ റാണി സർക്കാർ പറഞ്ഞു. 

കാളിയാ​ഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. 200-250 ഓളം ആളുകൾ കൂടിച്ചേർന്ന പഞ്ചായത്തിൽ വച്ചാണ് ഇവരെ മർദ്ദനത്തിന് ഇരയാക്കിയതെന്ന് മരുമകൻ സുബ്രതാ സർക്കാർ പറയുന്നു. താനവിടെ ചെല്ലുമ്പോൾ ഭാര്യാമാതാവിനെ ഒരു വിളക്കുകാലിൽ കെട്ടിയിട്ടിരിക്കുന്നതാണ് കണ്ടത്. അവർ പ്രായാധിക്യമുള്ള സ്ത്രീയാണെന്നും കെട്ടഴിച്ചുവിടാനും അഭ്യർത്ഥിച്ചു. എന്നാൽ അവർ ഓടിപ്പോകാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് അവർ‌ അഭ്യർത്ഥന നിരസിക്കുകയാണുണ്ടായത്. പിന്നീട് വീട്ടിൽ കന്നുകാലികളുണ്ടെന്ന് പറഞ്ഞപ്പോൾ‌ കെട്ടഴിച്ചുവിട്ടു എന്ന് മരുമകൻ പറയുന്നു.

ഉള്ളി മോഷ്ടിച്ചതായി വൃദ്ധ പിന്നീട് സമ്മതിച്ചുവെന്നും ഇയാൾ വ്യക്തമാക്കി. അതിനെ തുടർന്ന് ഇവരോട് 15000 രൂപ പിഴയടയ്ക്കാൻ ​ആവശ്യപ്പെട്ടു. ഇത്രയും തുക കൊടുക്കാൻ സാധിക്കില്ലെന്നും പതിനായിരമാക്കി കുറയ്ക്കാനും പറഞ്ഞപ്പോൾ 14000 മതിയെന്ന് ​ഉപ ​ഗ്രാമ മുഖ്യൻ പറഞ്ഞു. ഏഴുദിവസത്തെ അവധിയാണ് പിഴയടയ്ക്കാൻ അവർ നൽകിയത്. അതിനായി 7000 രൂപ ഒരു ബന്ധുവിൽ നിന്ന് കടം വാങ്ങുകയും ചെയ്തു. എന്നാൽ ഞായറാഴ്ച ഭാര്യാ മാതാവ്  ആത്മഹത്യ ചെയ്തുവെന്നും സുബ്രത വിശദീകരിച്ചു. കൊല്ലപ്പെട്ടതാകാനാണ് സാധ്യതയെന്നും ഇയാൾ ആരോപിക്കുന്നുണ്ട്.

എന്നാൽ ഉപ ​ഗ്രാമ മുഖ്യനായ നാനി ​ഗോപാൽ മൊണ്ടാൾ ഈ ആരോപണങ്ങളെ നിഷേധിക്കുന്നു. ''പിഴയടക്കാൻ മാത്രമേ ആവശ്യപ്പെട്ടുള്ളൂ എന്നും മർദ്ദിച്ചിട്ടില്ലെന്നും ഇയാൾ പറയുന്നു. വിളക്കുകാലിൽ‌ പിടിച്ചു കെട്ടുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ല. അവർ വൃദ്ധയാണ്. കുറ്റം സമ്മതിച്ചതിന് ശേഷം പിഴയടയ്ക്കാൻ നിർ‌ദ്ദേശിച്ച് വിടുകയായിരുന്നു.'' മൊണ്ടാൾ പറഞ്ഞു. 


 
 

click me!