
മഥുര: ഉത്തർപ്രദേശിലെ മഥുരയിൽ കവർച്ച തടയാൻ ശ്രമിച്ച അമ്മയേയും മകളെയും കവർച്ചക്കാർ ട്രെയിനിൽ നിന്ന് തള്ളിയിട്ടുകൊന്നു. ദില്ലിയില് രാജസ്ഥാനിലെ കോട്ടയിലേക്കുപോകുകയായിരുന്ന ദില്ലി ഷാദര സ്വദേശി മീണയും (55) മകൾ മനീഷയും (21) ആണ് കൊല്ലപ്പെട്ടത്. നിസാമുദ്ദീൻ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിൽ അജ്ഹായി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു സംഭവം.
കോട്ടയിൽ എൻജിനീയറിംഗ് പ്രവേശന പരീക്ഷ പരീശിലന കേന്ദ്രത്തിൽ പ്രവേശനം ലഭിച്ച മനീഷയുമായി ഇവിടേക്കുപോകുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. മീണയുടെ മകൻ ആകാശും (23) ഇവർക്കൊപ്പം ഉണ്ടായിരുന്നു. പുലർച്ചെ ശബ്ദം കേട്ട് ഉണരുമ്പോൾ കവർച്ചക്കാർ തന്റെ ബാഗുമായി കടന്നുകളയാൻ ശ്രമിക്കുന്നതാണ് മീണ കണ്ടത്. ഉടനെ ബാഗിൽ കയറി മീണ പിടിച്ചു. ബഹളംകേട്ട് മകൾ മനീഷയും ഉണർന്ന് ബാഗിന്റെ വള്ളിയിൽ പിടിച്ചുവലിച്ചു. പിടിവലിക്കിടെ മീണയേയും മനീഷയേയും കവർച്ചക്കാർ സ്ലീപ്പർ കോച്ചിന്റെ വാതിലിൽവരെ എത്തിച്ചു.
ഈ സമയവും ബാഗിൽനിന്ന് പിടിവിടാതിരുന്ന ഇവരെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. മൊബൈൽ ഫോൺ, പണം, ചെക്ക് തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ബാഗിലുണ്ടായിരുന്നത്. ആകാശ് ചെയിൻ വലിച്ചതിനെ തുടർന്ന് വൃന്ദാവൻ റോഡ് റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ട്രെയിൻ നിർത്തി.
ഇവിടെ ഇറങ്ങി ആകാശ് റെയിൽവെ പോലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ പോലീസ് ആംബുലൻസിൽ സംഭവസ്ഥലത്ത് എത്തിയെങ്കിലും മീണയേയും മനീഷയേയും രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam