
ദില്ലി: നാഗാലാന്‍റില്‍ ആശുപത്രി ഐസിയുവില്‍ യുവതി മരിച്ചതിന് പിന്നാലെ ബന്ധുവിനെയും മരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ദുരൂഹത. നാഗാലാൻഡ് സ്വദേശിയായ എയർ ഹോസ്റ്റസ് റോസി സംഗ്മ(29), ബന്ധുവായ സാമുവൽ സംഗ്മ എന്നിവരാണ് അടുത്തടുത്ത ദിവസങ്ങളില്‍ മരണപ്പെട്ടത്. ഗുരുഗ്രാമിലെ ആൽഫ ആശുപത്രിയിൽ ഐസിയുവില്‍ ചികിത്സയിലായിരുന്ന യുവതി ഐസ്ക്രീം കഴിച്ചതിന് പിന്നാലെയാണ് മരണപ്പെടുന്നത്.
റോസിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയ ബന്ധു സാമുവലിനെ തൊട്ടടുത്ത ദിവസം നഗരത്തിലെ ഹോട്ടല്‍ മുറിയിലും മരിച്ച നിലയില്‍ കണ്ടെത്തി. ഇതോടെയാണ് റോസിയുടെയും സാമുവലിന്‍റെയും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചത് രംഗത്ത് വന്നത്. ജൂൺ 23-ന് രാത്രി കൈയ്ക്കും കാലിനും അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് എയര്‍ ഹോസ്റ്റസ് ആയ റോസിയെ ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോസിയുടെ ആരോഗ്യനില മോശമായതോടെ 24-ാം തീയതി ഗുരുഗ്രാം സെക്ടർ 10-ലെ ആൽഫ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ പ്രവേശിപ്പിച്ചതിന് ശേഷം ഐ സിയുവിൽവെച്ച് റോസി ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ഐസ്ക്രീം കഴിച്ചിരുന്നു എന്നും ഇതിനുശേഷം ആരോഗ്യനില മോശമായി മരണം സംഭവിച്ചെന്നുമായിരുന്നു കൂടെയുണ്ടായിരുന്ന സാമുവലിന്റെ ആരോപണം. റോസിയും ബന്ധുവായ സാമുവലും ദില്ലിയിലെ ബിജ്വാസൻ മേഖലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഡോക്ടർമാരുടെ അശ്രദ്ധയും പിഴവുമാണ് മരണത്തിന് കാരണമായതെന്ന് സാമുവല്‍ ആരോപിച്ചിരുന്നു. റോസിയുടെ മരണശേഷം ഇക്കാര്യങ്ങൾ വിശദീകരിച്ച് സാമുവൽ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്തതോടെ ആശുപത്രി അധികൃതർ മർദിച്ചെന്നും ആശുപത്രിയിൽനിന്ന് തന്നെ പുറത്താക്കിയെന്നും സാമുവൽ ആരോപിച്ചിരുന്നു. ഈ സംഭവങ്ങള്‍ക്ക് ശേഷം 24 മണിക്കൂർ കഴിഞ്ഞതിന് പിന്നാലെയാണ് നഗരത്തിലെ ഹോട്ടൽമുറിയിൽ സാമുവലിനെയും മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇരുവരുടെയും മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ സംഭവം വിവാദമായി. ഇതോടെ രാഷ്ട്രീയനേതാക്കളടക്കം വിഷയത്തിൽ ഇടപെട്ടു. തുടര്‍ന്ന് ദില്ലി പൊലീസും ഗുരുഗ്രാം ക്രൈംബ്രാഞ്ചും കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. അതേസമയം, സാമുവലിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സംശയകരമായി എന്തെങ്കിലും കണ്ടെത്തിയാൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് പറയുന്നു. റോസിയുടെ മരണത്തിൽ ദുരൂഹതകളൊന്നുമില്ലെന്നാണ് ആൽഫ ആശുപത്രിയുടെ പ്രതിനിധികളുടെ പ്രതികരണം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam