രാജസ്ഥാനിൽ ദളിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി; പൊലീസ് സൂപ്രണ്ടിന് സസ്പെൻഷൻ

By Web TeamFirst Published May 7, 2019, 11:24 PM IST
Highlights

ഭർത്താവിനെ മർദ്ദിച്ച് കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നിൽ വച്ചാണ് അഞ്ചംഗ സംഘം യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്

ആൽവാർ: രാജസ്ഥാനിൽ അഞ്ചംഗ സംഘം ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പൊലീസ് നടപടി വൈകിയെന്ന് കണ്ടെത്തിയതിന് പിന്നാലെ ആൽവാർ പൊലീസ് സൂപ്രണ്ടിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കി. സംഭവം നിർഭയ കേസിനെക്കാൾ ക്രൂരമെന്ന് ബിജെപി ആരോപിച്ചു. ഭർത്താവിനെ മർദ്ദിച്ച് കെട്ടിയിട്ട ശേഷം ഇയാളുടെ മുന്നിൽ വച്ചാണ് അഞ്ചംഗ സംഘം യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്.

ഏപ്രിൽ 26 ന് രാത്രിയിലാണ് അതിക്രൂരമായ ബലാത്സംഗം നടന്നത്. സംഭവത്തിൽ ഇന്ദ്രജ് ഗുർജാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ച് മറ്റ് പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. സംഭവം ദൗർഭാഗ്യകരമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പ്രത്യേക സംഘത്തെ കേസന്വേഷണത്തിന് നിയോഗിച്ചു. അതേസമയം ആൽവാർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറെയും സസ്പെന്റ് ചെയ്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് സംഭവം പുറത്തുവരാതിരിക്കാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ ഓഫീസ് ഇടപെട്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ  മദൻ ലാൽ സൈനി കുറ്റപ്പെടുത്തി. നിർഭയ കേസിനെക്കാൾ ഞെട്ടിപ്പിക്കുന്നതാണ് ഈ കുറ്റകൃത്യമെന്ന് അദ്ദേഹം ആരോപിച്ചു. 

click me!