
തൃശ്ശൂര്‍: ട്യൂഷന്‍ ക്ലാസിനെത്തിയ എട്ടുവയസുകാരിയെ പീഡിപ്പിച്ച (Rape) യുവതിക്ക് 20 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹിന്ദി ട്യൂഷനു വേണ്ടി വീട്ടിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 48 കാരിയായ യുവതി ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.
യുവതിക്ക് 20 വർഷം കഠിനതടവിനു പുറമെ ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷ വിധിച്ചു. തൃശ്ശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ബിന്ദു സുധാകരനാണ് തിരുവില്ല്വാമല സ്വദേശിനിയ്ക്ക് ശിക്ഷ വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം പത്തുമാസം കൂടി കഠിനതടവ് അനുഭവിക്കണം. പിഴതുക അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
ഹിന്ദി ട്യൂഷനുവേണ്ടി യുവതി പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ക്രൂരമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെ.പി അജയകുമാർ ഹാജരായി. ചെറുതുരുത്തി ഇൻസ്പെക്ടർ സി. വിജയകുമാരൻ ആണ് പ്രതിയെ അറസ്റ്റുചെയ്തത്. പിന്നീട് കേസ് ഏറ്റെടുത്ത അസിസ്റ്റൻറ് കമ്മീഷണർ ടി.എസ് സിനോജാണ് കുറ്റപത്രം സമർപ്പിച്ചത്.