
ചെന്നൈ: ചെന്നൈയിൽ പൊലീസിനെ അക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ക്രിമിനൽ കേസ് പ്രതിയെ വനിതാ പൊലീസ് ഓഫീസർ കാലിൽ വെടിവച്ച് പിടികൂടി. സ്ഥിരം കുറ്റവാളിയായ ബന്ദു സൂര്യയാണ് ഇന്നലെ രാവിലെ അയനാവരം സ്റ്റേഷൻ പരിധിയിൽ വച്ച് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു.
രണ്ട് ദിവസം മുമ്പ് ചെന്നൈ പൊലീസിന്‍റെ വാഹനപരിശോധനയ്ക്കിടെ ഗൗതം, അജിത്, ബന്ദു സൂര്യ എന്നിവരെ അയനാവരം ഭാഗത്തുവച്ച് ബീറ്റ് പൊലീസ് പുലർച്ചെ നാല് മണിക്ക് തടഞ്ഞിരുന്നു. എ എസ് ഐ ശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. ശങ്കറിനെ ഇരുമ്പുവടി കൊണ്ട് മർദ്ദിച്ച് പരിക്കേൽപ്പിച്ചശേഷം മൂവരും ഇരുചക്രവാഹനത്തിൽ രക്ഷപ്പെട്ടു. ഗൗതം, അജിത് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി.
മൂന്നാമൻ ബന്ദു സൂര്യ തിരുവള്ളൂരിലെ ബന്ധുവീട്ടിലുണ്ടെന്ന് വിവരം കിട്ടിയതിനെ തുടർന്ന് ഇന്നലെ അതിരാവിലെ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരും വഴി അയനാവരം ആർ ടി ഓഫീസിന് സമീപം വച്ച് പ്രതി മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടു. ഇതിനായി ഇറക്കിയപ്പോള്‍ വഴിയോരത്തെ കരിമ്പ് ജ്യൂസ് സെന്‍ററിലെ കരിമ്പിൻ കെട്ടുകൾക്കിടയിൽ നിന്ന് കത്തിയെടുത്ത് പൊടുന്നനെ പൊലീസിനെ ആക്രമിക്കുകയായിരുന്നു.
ഹെഡ് കോൺസ്റ്റബിൾ അമാനുദ്ദീൻ, കോൺസ്റ്റബിൾ ശരവണൻ എന്നിവർക്ക് പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സംഘത്തിലുണ്ടായിരുന്ന അയനാവരം അസിസ്റ്റന്‍റ് ഇൻസ്പെക്ടർ മീന റിവോൾവറെടുത്ത് പ്രതിയുടെ കാലിൽ നിറയൊഴിക്കുകയായിരുന്നു. പ്രതി ബന്ദു സൂര്യയും പരിക്കേറ്റ രണ്ട് പൊലീസുകാരും കിൽപോക് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. വധശ്രമം, മൊബൈൽ മോഷണം, ബൈക്കിലെത്തി മാലപറിക്കൽ എന്നിവയുൾപ്പെടെ 14 കേസുകളിൽ പ്രതിയാണ് ബന്ദു സൂര്യയെന്ന് പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam