
ബംഗളൂരു: ബംഗളൂരുവിലെ കെ ആർ പുര റെയിൽവേ സ്റ്റേഷനിൽ യുവതിയോട് മദ്യലഹരിയിൽ മോശമായി പെരുമാറി ടിടിഇ. സ്റ്റേഷനിൽ നിർത്തിയിട്ട വണ്ടിയിൽ കയറിയ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിക്കുന്ന ടിടിഇ അവരെ അസഭ്യവാക്കുകൾ പറയുന്ന വീഡിയോ പുറത്തുവന്നു. സംഭവം വിവാദമായതോടെ റെയില്‍വേ ടിടിഇയെ സസ്പെൻഡ് ചെയ്തു. ഹൗറ - എസ്‍എംവിടി പ്രതിവാര എക്സ്പ്രസ് കൃഷ്ണരാജപുരം സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവമുണ്ടായത്.
സ്റ്റോപ്പില്ലാതെയും സ്റ്റേഷനിൽ വണ്ടി നിർത്തിയതോടെ യുവതി ട്രെയിനിൽ ഓടിക്കയറി. ഇതിനിടെ കൃഷ്ണരാജപുരം സ്റ്റേഷനിലെ ടിടിഇ സന്തോഷ് യുവതിയോട് ടിക്കറ്റ് കാണിക്കാനാവശ്യപ്പെട്ടു. ഈ ട്രെയിനിലേക്കുള്ള ടിക്കറ്റല്ലാത്തതിനാൽ വണ്ടിയിൽ കയറരുതെന്ന് സന്തോഷ് യുവതിയോട് പറഞ്ഞു. തന്‍റെ കയ്യിൽ ടിക്കറ്റുണ്ടല്ലോ എന്ന് യുവതി തിരിച്ച് ചോദിച്ചു. ഇതോടെയാണ് അസഭ്യവാക്കുകൾ പറഞ്ഞ് ടിടിഇ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച് വലിച്ചത്.
ഇതോടെ ആളുകൾ ചുറ്റും കൂടി. അപ്പോഴാണ് ടിടിഇ നല്ല മദ്യലഹരിയിലാണെന്ന് വ്യക്തമായത്. മാത്രമല്ല, ഹംസഫർ എക്സ്പ്രസിന്‍റെ ടിടിഇ അല്ല സന്തോഷെന്നും, സ്റ്റേഷനിലെ ടിക്കറ്റ് ചെക്കിംഗ് ചുമതലയായിരുന്നു സന്തോഷിനെന്നും വ്യക്തമായി. ഇതോടെ ബഹളമായി. ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും യാത്രക്കാരിയോട് മോശമായി പെരുമാറിയതിനും ടിടിഇ സന്തോഷിനെ റെയിൽവേ സസ്പെൻഡ് ചെയ്തിട്ടുണ്ട്. മദ്യപിച്ച് ലക്ക് കെട്ട ടിടിഇ ലഖ്‍നൗവിൽ യാത്രക്കാരിയുടെ തലയിൽ മൂത്രമൊഴിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെ നടന്ന ഈ സംഭവവും റെയിൽവേയ്ക്ക് നാണക്കേടാവുകയാണ്.
അമൃത്സറിൽ നിന്ന് കൊൽക്കത്തയിലേക്ക് പോകുകയായിരുന്ന അകാൽ താഖ്ത് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രിയായിരുന്നു ഈ സംഭവം ഉണ്ടായത്. അമൃത്സർ സ്വദേശിയായ രാജേഷിന്റെ ഭാര്യയ്ക്കാണ് ദുരനുഭവം ഉണ്ടായത്. അർധരാത്രിയിലാണ് ഉറങ്ങിക്കിടന്ന യുവതിയുടെ തലയിലേക്ക് ബിഹാർ സ്വദേശിയായ ടിടിഇ മുന്ന കുമാർ മൂത്രമൊഴിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഭർത്താവും മറ്റ് യാത്രക്കാരും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam