മോഷണശ്രമം നടന്നെന്ന് വ്യാജപരാതി നല്‍കി; വനിതാ പൊലീസ് കോണ്‍സ്റ്റബിളും കാമുകനും അറസ്റ്റില്‍

By Web TeamFirst Published Sep 29, 2019, 1:44 PM IST
Highlights

ഭര്‍തൃവീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് മോഷണശ്രമം നടന്നെന്ന് വ്യാജ പരാതി നല്‍കിയതെന്ന് വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍ പറഞ്ഞു. 

ഭാഗ്പട്; ഭര്‍തൃവീട്ടുകാരെ കബളിപ്പിക്കാനായി വ്യജ മോഷണക്കേസ് കെട്ടിച്ചമച്ച വനിതാ പൊലീസ് കോണ്‍സ്റ്റബിളും കാമുകനും അറസ്റ്റില്‍. ഗാസിയാബാദ് സ്റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ രേണു സിങാണ് അറസ്റ്റിലായത്. കയ്യില്‍ വെടിവെച്ചെന്നും സ്കൂട്ടറില്‍ നിന്ന് തള്ളിയിട്ട് 2 ലക്ഷം രൂപ കവര്‍ന്നെന്നും ചൂണ്ടിക്കാട്ടിയാണ് പൊലാസുകാരി പരാതി നല്‍കിയത്. എന്നാല്‍ കേസന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 

സെപ്തംബര്‍ 16-നാണ് കയ്യില്‍ വെടിയേറ്റുണ്ടായ പരിക്കുമായി രേണു സിങ് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. സ്കൂട്ടറില്‍ നിന്നും തള്ളിയിട്ട ശേഷം 2 ലക്ഷം രൂപ കവര്‍ന്നെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.  ഗാസിയാബാദ് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് യുവതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവും ഭര്‍തൃവീട്ടുകാരുമായും പൊലീസുകാരിക്ക് നല്ല ബന്ധമല്ല ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

മനീഷ് എന്നയാളുമായി രേണു പ്രണയത്തിലായിരുന്നു. മനീഷും ഇയാളുടെ സുഹൃത്ത് വികാസുമായി ചേര്‍ന്നാണ് രേണു നുണക്കഥ സൃഷ്ടിച്ചത്. മനീഷാണ് രേണുവിന്‍റെ കയ്യില്‍ വെടിവെച്ചത്. തുടര്‍ന്ന് വികാസ് ഇവരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പിന്നീട് മനീഷ് തന്നെ രേണുവിന്‍റെ സ്കൂട്ടര്‍ കാട്ടില്‍ എത്തിച്ച് കത്തിച്ചു. സ്കൂട്ടറും 2 ലക്ഷം രൂപയും തട്ടിയെടുത്തെന്നും തനിക്ക് നേരെ വെടിയുതിര്‍ത്തെന്നുമാണ് രേണു നല്‍കിയ പരാതി. എന്നാല്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പൊലീസ് സത്യം കണ്ടെത്തുകയായിരുന്നു. ഭര്‍തൃവീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് രേണുവിന്‍റെ വിശദീകരണം. സംഭവത്തില്‍ രേണു, മനീഷ്, വികാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

click me!