
ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടമ്മയെ കബളിപ്പിച്ച് രണ്ടംഗസംഘം രണ്ടുലക്ഷത്തോളം വില വരുന്ന സ്വർണാഭരണങ്ങളുമായി കടന്നുകളഞ്ഞതായി പരാതി. ബെംഗളൂരു കെആർ പുരത്തു താമസിക്കുന്ന 53കാരി രാജമ്മയാണ് തട്ടിപ്പിനിരയായത്. സൗഹൃദം നടിച്ചെത്തിയ യുവതിയടങ്ങുന്ന സംഘം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് തന്റെ സ്വർണാഭരണങ്ങൾ കവരുകയായിരുന്നുവെന്ന് രാജമ്മ പരാതിയിൽ പറഞ്ഞു.
രാവിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങാനെത്തിയ രാജമ്മയെ 63 വയസ്സു തോന്നിക്കുന്ന സ്ത്രീ സൗഹൃദം നടിച്ച് മാർക്കറ്റിന് പുറത്തേക്ക് എത്തിക്കുകയായിരുന്നു. ഇവിടെവച്ച് ബലംപ്രയോഗിച്ച് റോഡിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ കയറ്റുകയും ഭീഷണിപ്പെടുത്തി രാജമ്മയുടെ സ്വർണാഭരണങ്ങൾ കവരുകയുമായിരുന്നു. സ്ത്രീക്കൊപ്പം 30 വയസ്സുള്ള യുവാവും ഉണ്ടായിരുന്നു. ആഭരണങ്ങൾ കവർന്നതിനുശേഷം രാജമ്മയെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയ രാജമ്മ മകന്റെ സഹായത്തോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മാർക്കറ്റിലെത്തുന്നവരോട് മോഷ്ടാക്കളുണ്ടെന്നും ആഭരണങ്ങൾ അഴിച്ച് ബാഗിൽ വയ്ക്കാനും ആവശ്യപ്പെടുന്നവർ തന്നെ ഒടുവിൽ തട്ടിപ്പറി നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആളുകളെ ബോധവത്ക്കരിക്കുകയാണെന്ന മട്ടിലാണ് മോഷ്ടാക്കൾ സംസാരിക്കുകയെന്നും ജാഗ്രത പുലർത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam