എവിടെനിന്ന് സ്വീകരിച്ച രക്തത്തിലാണ് രോഗബാധ ഉണ്ടായിരുന്നതെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല
ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച നാല് കുട്ടികൾക്ക് എച്ച്ഐവി ബാധ സ്ഥിരീകരിച്ചു. തലസീമിയ രോഗത്തിന് ചികിത്സ തേടിയ കുട്ടികൾക്കാണ് സർദാർ വല്ലഭായി പട്ടേൽ ജില്ലാ ആശുപത്രിയിൽ നിന്നും രോഗബാധ ഉണ്ടായത്. നാലു മാസങ്ങൾക്കു മുൻപ് നടന്ന സംഭവം പുറത്തറിയുന്നത് ആശുപത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടികളുടെ ബന്ധുക്കൾ പ്രതിഷേധിച്ചതോടെയാണ്. അന്വേഷണം നടക്കുകയാണെന്നും കുട്ടികൾക്ക് രക്തം നൽകുന്നതിനു മുൻപ് നടത്തിയ പരിശോധനയിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്നും ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു. എവിടെനിന്ന് സ്വീകരിച്ച രക്തത്തിലാണ് രോഗബാധ ഉണ്ടായിരുന്നതെന്ന് കണ്ടെത്താൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് വിശദീകരണം. പ്രതിഷേധം ശക്തമായതോടെ ആശുപത്രി അധികൃതർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.
എച്ച്ഐവി ബാധിച്ചത് 4 കുട്ടികൾക്ക്
8 വയസിനും 14 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് എച്ച്ഐവി ബാധിതരായത്. നാല് മാസങ്ങൾക്ക് മുൻപുണ്ടായ സംഭവം ചൊവ്വാഴ്ചയാണ് പുറത്ത് വന്നത്. കുട്ടികളുടെ രക്ഷിതാക്കൾ ആശുപത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് ഗുരുതര പ്രശ്നം പുറത്തറിയുന്നത്. നാല് മാസങ്ങൾക്ക് മുൻപാണ് ഐസിടിസി കുട്ടികളിൽ എച്ച്ഐവി ബാധ സ്ഥിരീകരിച്ചത്. ആദ്യ പരിശോധനകളിൽ നെഗറ്റീവ് ഫലം വന്ന കുട്ടികൾ പിന്നീട് നടന്ന തുടർ പരിശോധനയിലാണ് എച്ച്ഐവി ബാധിതരാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ വിവരം അറിയിച്ചതോടെ രക്ത ദാനം നടത്തിയവരെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. സംഭവത്തിൽ ഉപമുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജില്ലാ ആശുപത്രിയിലുണ്ടായത് ഗുരുതര സംഭവമെന്നാണ് ഉപമുഖ്യമന്ത്രി രാജേന്ദ്ര ശുക്ള പ്രതികരിച്ചത്.
എച്ച്ഐവി ടെസ്റ്റ് ചെയ്യാൻ ഉപയോഗിക്കുന്ന കിറ്റിനേക്കുറിച്ചുള്ള ആശങ്കയാണ് സത്ന ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ചുമതലയുള്ള ദേവേന്ദ്ര പട്ടേൽ വിശദമാക്കുന്നത്. ഈ കുട്ടികൾക്ക് 70 മുതൽ 100 വരെ തവണ രക്തം നൽകിയിട്ടുണ്ട്. ഇത്തരം കേസുകളിൽ എച്ച്ഐവി ഉണ്ടാവാനുള്ള സാധ്യത ഏറെയാണെന്നും ദേവേന്ദ്ര പട്ടേൽ മാധ്യമങ്ങളോട് പ്രതികരിച്ചു. നാല് മാസത്തിനുള്ളിൽ 50 ശതമാനം രക്ത ദാതാക്കളെ മാത്രമാണ് കണ്ടെത്താനായിട്ടുള്ളത്. രക്തദാതാക്കളിൽ ഏറിയ പങ്കും തെറ്റായ വിവരവും വിലാസവുമാണ് നൽകിയിട്ടുള്ളത്.


