
കണ്ണൂര്‍: ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തലശ്ശേരി ചമ്പാട് സ്വദേശിനി നയീമയാണ് ഭർതൃ സഹോദരിയോടുള്ള വൈരാഗ്യത്തിന് അവരുടെ മകനെ കിണറ്റിലെറിഞ്ഞത്. 2011 സെപ്തംബര്‍ 17നാണ് കേസിനാസ്പദമായ സംഭവം.
പാനൂർ ഏലാങ്കോട്ടെ വീട്ടു മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരൻ അദ്നാനെ ചമ്പാട്ടെ നൗഷാദ് നിവാസില്‍ നിയാസിന്റെ ഭാര്യ നയീമ അടുത്തുള്ള കിണറ്റിലെറിയുകയായിരുന്നു. ഭർതൃ സഹോദരിയായ നിസാനിയോടുള്ള വൈരാഗ്യം തീർക്കാനായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരകൃത്യം. പാനൂര്‍ പൊലീസാണ് കേസ് അന്വേഷിച്ചത്. സംശയകരമായി പെരുമാറിയ നയീമയെ അന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
വിശദമായ ചോദ്യം ചെയ്യലിൽ നയീമ കുറ്റം സമ്മതിച്ചു. അയല്‍വാസികളുള്‍പ്പെടെയുള്ള സാക്ഷികളെ പ്രൊസിക്യൂഷന്‍ വിചാരണ കോടതി മുമ്പാകെ വിസ്തരിച്ചു. കുറ്റകൃത്യം നടന്ന് ഒൻപത് കൊല്ലത്തിന് ശേഷമാണ് കേസിൽ ശിഷ വിധിയെത്തുന്നത്. പ്രതി നയീമ കുറ്റക്കാരിയെന്ന് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍ വിനോദ് വിധിച്ചു. ജീവപര്യന്തം തടവിനൊപ്പം പ്രതി ഒരുലക്ഷം രൂപ പിഴയും ഒടുക്കണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam