ഗുരുദ്വാരയിൽ മദ്യപിച്ച യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി,  മതവികാരം വ്രണപ്പെട്ടെന്ന് പ്രതി

Published : May 16, 2023, 02:53 PM IST
ഗുരുദ്വാരയിൽ മദ്യപിച്ച യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി,  മതവികാരം വ്രണപ്പെട്ടെന്ന് പ്രതി

Synopsis

ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് സെയ്‌നി യുവതിക്ക് നേരെ അഞ്ച് റൗണ്ട് നിറയൊഴിച്ചു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു.

പട്യാല: പഞ്ചാബിലെ പട്യാലയിൽ  ഗുരുദ്വാരയുടെ പരിസരത്ത് മദ്യം കഴിച്ചതിന് 35 കാരിയായ യുവതിയെ ഒരാൾ വെടിവച്ചു കൊന്നു. പർവീന്ദർ കൗർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ നിർമൽജിത് സിംഗ് സൈനിയെ അറസ്റ്റ് ചെയ്തതായും ഇയാളുടെ റിവോൾവർ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ദുഖ്‌നിവാരൻ സാഹിബ് ഗുരുദ്വാരയിലെ സരോവറിന് സമീപമിരുന്ന് പർവീന്ദർ കൗർ മദ്യം കഴിച്ചെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുവതി മദ്യപിക്കുന്നത് കണ്ട പ്രതി അവർക്ക് നേരെ ഒന്നിലധികം തവണ വെടിവച്ചു. മതവികാരം വ്രണപ്പെടുത്തിയതിന്റെ ദേഷ്യത്തിലാണ് വെടിവെച്ചതെന്ന് പ്രതി പിന്നീട് പൊലീസിനോട് പറഞ്ഞു. 

യുവതി മദ്യത്തിന് അടിമയായി ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയിൽ നിന്ന് കണ്ടെത്തിയ കുറിപ്പടിയിൽ അവൾക്ക് വിഷാദ രോ​ഗമുണ്ടായിരുന്നതായി ഡോക്ടർമാർ രേഖപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. മുമ്പ് ക്രിമിനൽ പശ്ചാത്തലമൊന്നും ഇല്ലാത്ത ഒരു വസ്തു ഇടപാടുകാരനാണ്  പ്രതിയായ സൈനിയെന്ന് പൊലീസ് പറയുന്നു. മൊറിൻഡ ഗുരുദ്വാരയിൽ അടുത്തിടെയുണ്ടായ സംഭവങ്ങളിൽ താൻ അസ്വസ്ഥനായിരുന്നുവെന്നും ഇയാൾ ഗുരുദ്വാര അധികൃതരോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. പട്യാല കോടതി ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ച് സെയ്‌നി യുവതിക്ക് നേരെ അഞ്ച് റൗണ്ട് നിറയൊഴിച്ചു. യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പൊലീസ് പറഞ്ഞു. സിഖ് വിരുദ്ധ ശക്തികൾ ബോധപൂർവമായ ഗൂഢാലോചനയോടെയാണ് ഗുരുദ്വാര സാഹിബിനെ ലക്ഷ്യമിടുന്നതെന്നും സർക്കാർ നിശബ്ദ കാഴ്ചക്കാരായി ഇരിക്കുകയാണെന്നും സംഭവത്തോട് പ്രതികരിച്ച് ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഹർജീന്ദർ സിംഗ് ധാമി പറഞ്ഞു. ഗുരുദ്വാര സമുച്ചയത്തിനുള്ളിൽ യുവതി മദ്യപിച്ചത് ഗൂഢാലോചനയാണെന്നും ഇത് യാദൃശ്ചികമായി കാണാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

PREV
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്