
പാട്ന: കുഞ്ഞുണ്ടാകാത്തതിന് സ്ഥിരമായി കുറ്റപ്പെടുത്തിയ അമ്മായിഅമ്മയെ കുത്തിക്കൊലപ്പെടുത്തി മരുമകള്‍. തലയ്ക്ക് കുത്തിയ മരുമകള്‍ അമ്മായിഅമ്മയുടെ കണ്ണും ചൂഴ്ന്നെടുത്തു. ഇതിന് ശേഷം തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച മരുമകളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ബിഹാറില്‍ ചൊവ്വാഴ്ച രാവിലെയാണ് മുപ്പത്തിമൂന്നുകാരിയായ ലളിത ദേവി അമ്മായിഅമ്മയെ ധര്‍മ്മശിലാ ദേവിയെ കുത്തിക്കൊലപ്പെടുത്തിയത്.
ഒന്നിലധികം തവണയാണ് ലളിതാ ദേവി അമ്മയെ കുത്തിയത്. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു കൊലപാതകം. ശരീരത്തില്‍ തീപടര്‍ന്ന നിലയില്‍ കണ്ട ലളിതാ ദേവിയെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്. നാല്‍പത് ശതമാനത്തോളം പൊള്ളലേറ്റ ലളിതാ ദേവി പട്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീട്ടില്‍ നിന്ന് പുക വരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ലളിതാദേവിയേയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന ധര്‍മ്മശിലാ ദേവിയേയും കണ്ടത്. അക്രമിക്കാനുപയോഗിച്ച ആയുധവും സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ സാരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് വിശദമാക്കുന്നു.
ലളിതാ ദേവിയ്ക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവാതിരുന്നതിന് അമ്മായി അമ്മയില്‍ നിന്ന് ക്രൂരമായ പരിഹാസങ്ങളും കുത്തുവാക്കുകളും ഏല്‍ക്കേണ്ടി വന്നിരുന്നു. ലളിതാ ദേവി ഇതില്‍ പ്രകോപിതയാവാറുണ്ടായിരുന്നുവെന്നാണ് അയല്‍വാസികളുടെ മൊഴി. ഇത്തരത്തിലുള്ള കുത്തുവാക്കുകള്‍ക്ക് അവസാനമാകാനാണ് ലളിതാദേവി കടുത്ത നടപടി സ്വീകരിച്ചതെന്നാണ് പൊലീസ് വിശദമാക്കുന്നത്. മരുമകള്‍ക്കെതിരെ ഭര്‍തൃപിതാവ് റാം കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam