
റാഞ്ചി: വിവാഹ വീടുകളിൽ മോഷണം നടക്കുന്നതിന്‍റെ പല വിധ വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. വിവാഹ വീടുകളിൽ സ്വർണവും പണവും കരുതിയിട്ടുണ്ടാകും എന്നറിഞ്ഞ് കൃത്യമായ മോഷണങ്ങളാണ് പലപ്പോഴും നടക്കാറുള്ളത്. അത്തരത്തിൽ ഒരു വാർത്തയാണ് ഝാര്‍ഖണ്ഡിലെ റാഞ്ചിയിൽ നിന്നും ഇപ്പോൾ പുറത്തുവരുന്നത്. വിവാഹചടങ്ങിനിടെ ദുപ്പട്ട (ഷാൾ) യിൽ ഒളിപ്പിച്ച് ഇരുപതു ലക്ഷത്തിന്‍റെ സ്വർണവും മോഷ്ടിച്ചാണ് യുവതി കടന്നുകളഞ്ഞത്. വിവാഹ വീട്ടിൽ വൻ മോഷണം നടത്തിയ ഈ യുവതിയെ പൊലീസിന് ഇനിയും പിടികൂടാനായിട്ടില്ല.
മോഷണം നടത്തിയ യുവതിക്കായി പൊലീസ് തിരച്ചിൽ തുടരുകയാണെന്നാണ് റാഞ്ചിയിൽ നിന്നുള്ള റിപ്പോർട്ടുകൾ. മൊറാബാദിയിൽ നടന്ന ഒരു വിവാഹത്തിൽ വരന്‍റെ പാർട്ടി വന്ന തിരക്കിനിടെയാണ് ഇവർ മോഷണം നടത്തിയത്. വിവാഹ വീട്ടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്ന ശേഷം യുവതി മുങ്ങുകയായിരുന്നു. ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. വിവാഹ വീട്ടിൽ മോഷണം നടത്തിയ യുവതിയെ കണ്ടെത്താനായി വൻ തോതിലുള്ള തിരച്ചിൽ നടത്തുകയാണെന്ന് റാഞ്ചി പൊലീസ് എസ് പി നൗഷാദ് ആലം അറിയിച്ചിട്ടുണ്ട്.
അതേസമയം മോഷണവുമായി ബന്ധപ്പെട്ടുള്ള മറ്റൊരു വാർത്ത തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് പോയ ആംബുലൻസിന്‍റെ ഗ്ലാസ് ഇളക്കി മാറ്റി മൊബൈൽ കവർന്നു എന്നതാണ്. തിരുവനന്തപുരത്തെ രഞ്ജിത്ത് ആംബുലൻസ് സർവീസിലെ ആംബുലൻസിൽ നിന്നാണ് മോഷ്ടാക്കൾ മൊബൈൽ കവർന്നത്. തിരുവനന്തപുരത്ത് നിന്ന് ജാർഖണ്ഡിലേക്ക് മൃതദേഹവുമായി പോയി മടങ്ങിയ ആംബുലൻസിലെ ഡ്രൈവറായ സുജിത്തിന്‍റെ ഫോൺ ആണ് നഷ്ടപ്പെട്ടത്. വെസ്റ്റ് ബംഗാളിലെ മാൾഡയിലെ ഫറൂക്കി എന്ന സ്ഥലത്തെ പെട്രോൾ പമ്പിന് സമീപത്തുനിന്നാണ് ഫോൺ നഷ്ടപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam