കത്തിയുപയോഗിച്ച് വയറുകീറി,ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ചു; പുരുഷ സുഹൃത്തുമായുള്ള ബന്ധം ദൃഢമാക്കാന്‍ യുവതി ചെയ്തത്

By Web TeamFirst Published Aug 30, 2019, 12:10 PM IST
Highlights

സാവന്നയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നു, തനിക്ക് കുട്ടിയെ വേണമായിരുന്നുവെന്നും കുറ്റസമ്മത വേളയില്‍ പ്രതിയുടെ വെളിപ്പെടുത്തല്‍ 

നോര്‍ത്ത് ഡക്കോട്ട (അമേരിക്ക): പുരുഷ സുഹൃത്തുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച സ്ത്രീക്ക് ജീവപരന്ത്യം. അമേരിക്കയിലെ നോര്‍ത്ത് ഡക്കോട്ടയിലാണ് സംഭവം. 22കാരിയായ സാവന്ന ഗ്രേവൈന്‍ഡ് എന്ന യുവതിയെയാണ് 39കാരിയായ ബ്രൂക്ക് ക്രീസ് കൊലപ്പെടുത്തിയത്. അയല്‍ക്കാരിയായിരുന്ന ക്രീസായിരുന്നു സാവന്നയുടെ പരിചരണം ചെയ്തിരുന്നത്. 

   

എട്ടുമാസം ഗര്‍ഭിണിയായിരുന്ന സാവന്നയെ ബോധംകെടുത്തി വയറു കീറി ക്രീസ് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.

രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ച സാവന്നയെ ക്രീസും പുരുഷ സുഹൃത്തും കൂടി മറവു ചെയ്യുകയായിരുന്നു. പ്രാകൃതമായ രീതിയില്‍ പുറത്തെടുത്ത കുഞ്ഞിനെ സ്വന്തം കുഞ്ഞാണെന്ന് ക്രീസ് ബന്ധുക്കളോട് പറയുകയും ചെയ്തു. ഇതിന് ശേഷം നോര്‍ത്ത് ഡക്കോട്ടയില്‍ നിന്ന് ക്രീസ് താമസം മാറുകയായിരുന്നു.

2017 ഓഗസ്റ്റിന് ശേഷം ഗര്‍ഭിണിയായ മകളെ കാണാതായെന്ന് സാവന്നയുടെ അമ്മയ നോബര്‍ട്ട ഗ്രേവൈന്‍ഡിന്‍റെ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. വിശദമായ പൊലീസ് അന്വേഷണത്തിലാണ് ബ്രൂക്ക് ക്രീസിനെ കാണാതായത് ശ്രദ്ധിക്കുന്നത്.

പതിനെട്ട് മാസത്തെ തിരച്ചിലിന് ശേഷമാണ് ബ്രൂക്ക് ക്രീസിനെയും പുരുഷ സുഹൃത്തിനേയും പൊലീസ് കണ്ടെത്തുന്നത്. ഹെയ്സ്ലി ജോ എന്ന് പേരിട്ട് ക്രീസിനൊപ്പമുണ്ടായിരുന്ന സാവന്നയുടെ പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തി. 

ആദ്യം കുറ്റം സമ്മതിക്കാന്‍ വിസമ്മതിച്ച ക്രീസും സുഹൃത്ത് വില്യം കോഹനും പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു. തുന്നല്‍ സൂചിയും കത്തിയുമുപയോഗിച്ചായിരുന്നു സാവന്നയുടെ സര്‍ജറി നടത്തിയതെന്നും ക്രീസ് വെളിപ്പെടുത്തി. കൊലപ്പെടുത്തണമെന്ന ഉദ്ദേശമില്ലായിരുന്നു, തനിക്ക് കുട്ടിയെ വേണമായിരുന്നുവെന്നും ക്രീസ് കോടതിയില്‍ വ്യക്തമാക്കി. 

കൊലനടന്ന സമയത്ത് ക്രീസിനെ കാണാനെത്തിയ പുരുഷ സുഹൃത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന സാവന്നയെ ആശുപത്രിയിലാക്കാനോ പൊലീസിനെ വിളിക്കാനോ വില്യം കോഹന്‍ തയ്യാറായില്ല. ഇയാള്‍ തറയില്‍ പടര്‍ന്ന രക്തം തുടച്ച് നീക്കിയ ശേഷം സാവന്നയുടെ മൃതദേഹം മാലിന്യം തള്ളുന്ന ബാഗിലാക്കി മറവ് ചെയ്യുകയായിരുന്നു. കൃത്യം അതീവ ഹീനമായ രീതിയിലാണ് നടത്തിയതെന്ന് കണ്ടെത്തിയ കോടതി ബ്രൂക്ക് ക്രീസിനും വില്യം കോഹനും പരോള്‍ ഇല്ലാത്ത ജീവപരന്ത്യ തടവ് വിധിച്ചു. 

click me!