
ബംഗളൂരു: ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രം കണ്ടെത്തിയത്. മൂന്ന് പേർ ചേർന്ന് മൃതദേഹം വിശ്വേശ്വരയ്യ റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്. പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ ചൂണ്ടുന്നതെന്നും പൊലീസ് പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇത് വരെ മരിച്ച ഒരു സ്ത്രീകളെയും തിരിച്ചറിയാനായിട്ടില്ല. തീർത്തും അഴുകിയ നിലയിൽ ഡ്രമ്മിലാക്കി റെയിൽവേ സ്റ്റേഷനുകളിൽ ആണ് മൂന്ന് സ്ത്രീകളുടെ മൃതദേഹങ്ങളും കണ്ടെത്തിയത്. ഡിസംബർ രണ്ടാം ആഴ്ചയിലാണ് ബയ്യപ്പനഹള്ളി റെയിൽവേ സ്റ്റേഷനിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ദുർഗന്ധം പരന്നതിനെത്തുടർന്ന് യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനുവരി നാലിനാണ് യശ്വന്ത്പൂർ റെയിൽവേസ്റ്റേഷനിൽ രണ്ടാമത്തെ മൃതദേഹം കണ്ടെത്തിയത്. ഒന്നാമത്തെ പ്ലാറ്റ്ഫോം അവസാനിക്കുന്നിടത്താണ് നീല ഡ്രമ്മിൽ മൃതദേഹം കണ്ടെത്തിയത്. ആന്ധ്രപ്രദേശിലെ മച്ചിലിപട്ടണത്തുനിന്നാണ് ഈ മൃതദേഹം യശ്വന്ത്പൂരിലെത്തിച്ച് ഉപേക്ഷിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Read Also: തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ 2.70 കിലോ സ്വർണം; കടത്തിൽ ജീവനക്കാർക്കും പങ്ക് ?
കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നോ എന്ന കാര്യം ഇപ്പോൾ വ്യക്തമായി പറയാനാവില്ലെന്നും പൊലീസ് പറയുന്നു. പിന്നിൽ പരമ്പര കൊലപാതകികളാണെന്ന സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു. ഏറ്റവുമൊടുവിലെ സംഭവത്തിൽ ലഭിച്ചിരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം ഉപേക്ഷിക്കാനെത്തിയ മൂന്നുപേർക്കായി തിരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam