എ‍ഞ്ചിനീയറിങ് കഴിഞ്ഞ് 'ഡോക്ടറായി'; ഫാർമസി ഉടമയും ഭാര്യയും അറസ്റ്റിൽ

By Web TeamFirst Published May 30, 2019, 5:56 PM IST
Highlights

ഫാർമസി അനധികൃ‍തമായാണ് പ്രവർത്തിക്കുന്നതെന്നും അവിടെ രോ​ഗികളെ ചികിത്സിക്കുന്നത് വ്യാജഡോക്‌ടർ ആണെന്നും കണ്ടെത്തിയതിനെ തുടർന്ന് ആ​രോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

ഭോപ്പാൽ: വ്യാജഡോക്ടർ ചമഞ്ഞ് രോ​ഗികളെ ചികിത്സിച്ച യുവതി അറസ്റ്റിൽ. എഞ്ചിനീയർ ബിരുദധാരിയായ മോണയാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവും ഫാർമസി ഉടമയുമായ മഹേശ് ​ഗുണവാഡിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് സംഭവം. 

ഉജ്ജയിനിയിലെ ഹത്കേശ്വർ വിഹാർ കോളനിയിൽ പ്രവർത്തിക്കുന്ന ഫാർമസിയിലാണ് മോണ രോ​ഗികളെ ചികിത്സിക്കുന്നത്. ഫാർമസി അനധികൃ‍തമായാണ് പ്രവർത്തിക്കുന്നതെന്നും അവിടെ രോ​ഗികളെ ചികിത്സിക്കുന്നത് വ്യാജഡോക്‌ടർ ആണെന്നും കണ്ടെത്തിയതിനെ തുടർന്ന് ആ​രോ​ഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. 

ഫാർമസിയിൽ നടക്കുന്ന തട്ടിപ്പ് തെളിയിക്കുന്നതിനായി ആ​രോ​ഗ്യ വകുപ്പ് അധികൃതർ നടത്തിയ നാടകമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്. ആ​രോ​ഗ്യ വകുപ്പിലെ അധികൃതരിൽ ഒരാൾ രോ​ഗിയുടെ വേഷത്തിൽ ഫാർമസിയിലെത്തി. ക്ലിനിക്കിൽ എത്തിയപ്പോൾ മോണയാണ് രോ​ഗികളെ പരിശോധിക്കുന്നതെന്ന് കണ്ടെത്തി. തുടർന്ന് ആ​രോ​ഗ്യ വകുപ്പിന്റെ പരാതിയിൽ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

അതേസമയം താനൊരു ഡോക്ടർ അല്ലെന്നും എ‍ഞ്ചിനീയർ ആണെന്നും കഫക്കെട്ട്, ജലദോഷം തുടങ്ങിയ നിസാരമായ രോ​ഗങ്ങൾ മാത്രമെ ചികിത്സിക്കാറുള്ളുവെന്നും മോണ തുറന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. അനധികൃ‍തമായി പ്രവർത്തിക്കുന്ന ഫാർമസിക്കെതിരേയും വ്യാജഡോക്‌ടർക്കെതിരേയും ശക്തമായ നടപടി കൈകൊള്ളാൻ കലക്ടർ ശശാങ്ക് മിശ്ര ഉത്തരവിട്ടതായി പൊലീസ് പറ‍‌‍‍ഞ്ഞു. നിയമനടപ‌ടികൾ പൂർത്തിയാക്കി പൊലീസ് കട സീൽ ചെയ്തു പൂട്ടി. ഫാർമസിയുടെ ലൈസൻസ് റദ്ദുചെയ്യാനുള്ള നടപടികൾ പൂർത്തിയായതായും പൊലീസ് വ്യക്തമാക്കി.   
  

click me!