വീട്ടിൽ കയറി ആക്രമിച്ചെന്ന സ്ത്രീകളുടെ പരാതി; ചോമ്പാല മുൻ എസ്ഐ അടക്കം ആറ് പൊലീസുകാർക്കെതിരെ കേസ്

By Web TeamFirst Published Feb 2, 2021, 12:15 AM IST
Highlights
പുതുവത്സരാഘോഷത്തിനിടെ വീട്ടിൽ കയറി അക്രമം നടത്തിയെന്ന സ്ത്രീകളുടെ പരാതിയിൽ ചോമ്പാല മുൻ എസ്ഐ അടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്.

വടകര: പുതുവത്സരാഘോഷത്തിനിടെ വീട്ടിൽ കയറി അക്രമം നടത്തിയെന്ന സ്ത്രീകളുടെ പരാതിയിൽ ചോമ്പാല മുൻ എസ്ഐ അടക്കം ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയാണ് നേരിട്ട് കേസെടുത്തത്. അതേസമയം പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് മുൻ എസ്ഐ പ്രശോഭിനെതിരെ സിപിഎം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തുകയും തുടർന്ന് എസ്ഐ യെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

ചോമ്പാല മുൻ എഇഒ ഓഫീസിന് സമീപമുള്ള വീട്ടിൽ കേക്ക് മുറിച്ച് സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം പുതുവൽസരാഘോഷം നടത്തുന്നതിനിടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി അക്രമം നടത്തിയെന്ന് കാണിച്ച് മാവുള്ളതിൽ അഖില, രാജി എന്നിവർ കൊടുത്ത പരാതി ഫയലിൽ സ്വീകരിച്ചാണ് കോടതി ഇടപെടൽ. ചോമ്പൽ പൊലീസ് സ്റ്റേഷനിലെ മുൻ പ്രിൻസിപ്പൽ എസ്ഐ പിവി പ്രേശോഭ് എസ് ഐ അബ്ദുൽ സലാം, എഎസ്ഐ മനോജ്‌ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷാജി, വിശ്വനാഥൻ, രതീഷ് പടിക്കൽ എന്നിവരാണ് പ്രതികൾ. 

അതേസമയം പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചയാളെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തിയെന്ന പേരില്‍ സിപിഎം പ്രവര്‍ത്തകനായ ഹേമന്തിനെ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുന്നതിനിടെ പൊലീസ് ഹേമന്തിന്‍റെ വീട്ടില്‍ സ്ത്രീകളോടും കുട്ടികളോടും അതിക്രമം കാട്ടിയെന്ന് ആരോപിച്ച് സിപിഎം പൊലീസ് സ്റ്റേഷൻ മാർച്ച് നടത്തി. 

മാർച്ചിൽ സിപിഎം നേതാക്കൾ പൊലീസിനിതിരെ ഭീഷണി പ്രസംഗം നടത്തിയത് വിവാദമായിരുന്നു. വിവാദത്തിന് പിന്നാലെ ചോന്പാല എസ്ഐ പ്രശോഭിനെ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

എന്നാൽ പെരുവണ്ണാമുഴിയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ കൂടിയ സാഹചര്യത്തില്‍ അധികമായി ഒരു എസ്ഐയെക്കൂടി നിയമിച്ചതാണെന്നും സ്ഥലം മാറ്റത്തിൽ അസ്വാഭാവികതയില്ലെന്നും റൂറൽ എസ് പി നേരത്തെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് സ്ത്രീകൾ പരാതിയുമായി കോടതിയെ സമീപിച്ചത്.

click me!