
മീററ്റ്: കാമുകനോടൊപ്പമുള്ള ചിത്രങ്ങൾ വൈറലായതിനെ തുടര്‍ന്ന് കുഞ്ഞിനെയും കൊണ്ട് യുവതി കനാലില്‍ ചാടി മരിച്ച സംഭവത്തിൽ വഴിത്തിരിവ്. പ്രണയിക്കുന്ന കാലത്ത് പകർത്തിയ സ്വകാര്യ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാതെ മുൻകാമുകൻ മൊബൈൽ ഫോൺ വിറ്റതിനെ തുടർന്നാണ് യുവതിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ മറ്റൊരു കൊലപാതകത്തിന്റെയും ചുരുളഴിയുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. യുവതിയും മുൻ കാമുകൻ ശുഭം കുമാറും തമ്മിൽ ചിലവിട്ട സ്വകാര്യനിമിഷങ്ങളിലെപ്പോഴോ പകര്‍ത്തിയ ചിത്രങ്ങളാണ് ഒരുനിമിഷത്തെ അശ്രദ്ധകൊണ്ട് വൈറലായത്. മീററ്റ് സ്വദേശിയായ അനൂജ് പ്രജാപതി എന്നയാൾക്കാണ് ശുഭം കുമാർ മൊബൈൽ ഫോൺ വിറ്റത്. എന്നാൽ ഫോൺ പ്രജാപതിക്ക് വിൽക്കുന്നതിന് മുമ്പ് ഫോണിലെ ഗാലറിയിൽ സൂക്ഷിച്ചിരുന്ന ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ ശുംഭം കുമാർ മറന്നു.
പിന്നീട് ഗാലറിയിൽ സൂക്ഷിച്ചിരിക്കുന്ന ശുഭത്തിന്റേയും കാമുകിയുടേയും ചിത്രങ്ങൾ പ്രജാപതി സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുകയായിരുന്നു. ചിത്രങ്ങൾ വൈറലായതറിഞ്ഞ യുവതി തന്റെ അഞ്ച് വയസ്സുള്ള മകനെയും കൊണ്ട് കനാലിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മറ്റൊരു കൊലപാതകവും കൂടി തെളിയിക്കുകയായിരുന്നു. യുവതി കനാലിൽ ചാടി ആത്മഹത്യ ചെയ്തതിന്
കാരണമായ ചിത്രങ്ങൾ ലീക്ക് ചെയ്തയാളെ തേടി പൊലീസ് പ്രജാപതിയുടെ വീട്ടിലെത്തി. എന്നാൽ അവിടെ വച്ച് ഞെട്ടിക്കുന്ന വാർത്തയായിരുന്നു പൊലീസ് അറിഞ്ഞത്. യുവതി മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് പ്രജാപതി കൊല്ലപ്പെട്ടെന്ന വാർത്തായായിരുന്നു അത്.
മെയ് 23-ന് ശുഭവും സുഹൃത്തുക്കളും ചേർന്നാണ് പ്രജാപതിയെ കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രജാപതിയുടെ ഘാതകരെ പൊലീസ് തിരിച്ചറിഞ്ഞത്. കേസിൽ ശുഭത്തെയും കൂട്ടരേയും അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഇവർ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ശുഭവും കൂട്ടരും പൊലീസിന് കീഴടങ്ങി. കേസിൽ ശുഭമടക്കം ആറ് പേർക്കെതിരെ കേസെടുത്തതായി സഹാരൺപൂർ എസ്എസ്പി ദിനേശ് കുമാർ പറഞ്ഞു.
അതേസമയം കനാലിന്റെ സമീപത്തുനിന്ന് കണ്ടെടുത്ത ഫോണാണ് യുവതിയെ തിരിച്ചറിയാൻ സഹായിച്ചത്. ഫോണിലെ കോൺടാക്റ്റ്ലിസ്റ്റിൽനിന്ന് അവസാനമായി യുവതിയെ വിളിച്ച നമ്പറിലേക്ക് തിരിച്ച് വിളിച്ചു. യുവതിയുടെ ഭർത്താവിന്റെ നമ്പറായിരുന്നു അത്. പിന്നീട് യുവതിയുടെ ഭർത്താവിനോട് പൊലീസ് സംഭവത്തെക്കുറിച്ച് വിശദീകരിച്ചു. അപകടത്തിൽനിന്ന് മകനെ രക്ഷപ്പെടുത്താൻ ആയെങ്കിലും യുവതിയുടെ മൃതദേഹം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല. മുസാഫര്‍നഗറിലെ ഗംഗ്നഹർ കനാലിൽ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam