
പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച കേസിൽ രണ്ട് അറസ്റ്റിൽ. കോഴിക്കോട് പുതിയറ സ്വദേശികളായ അക്ഷയും അശ്വിനും ആണ് പിടിയിലായത്. പ്രതികൾക്ക് അജേഷ് കുമാറിനോടുള്ള മുൻവൈരാഗ്യമാണ് തട്ടിക്കൊണ്ട്
പോകാൻ കാരണം.
അജേഷ് കുമാറിനെ ചോദ്യം ചെയ്തതിൽ നിന്നാണ് തട്ടികൊണ്ട് പോയവരെ പറ്റിയുള്ള വിവരം പൊലീസിന് കിട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട് കസബ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ രാത്രിയോടെ പത്തനംതിട്ടയിലെത്തിച്ചു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിടിയിലായ അക്ഷയും അശ്വിനും സഹോദരങ്ങളാണ്. പ്രതികളിലൊരാളുടെ ഭാര്യയുടെ ഫോണിലേക്ക് അജേഷ്കുമാർ മെസേജുകൾ അയക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് വൈരാഗ്യത്തിന് കാരണം.
ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയും അശ്വിനും മൂന്ന് സൂഹൃത്തുക്കളെയും കൂട്ടി വെട്ടൂരിലെ വീട്ടിലെത്തി അജേഷ് കുമാറിനെ തട്ടികൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചത്. വീട്ടിൽ നിന്ന് ഇന്നോവ കാറിൽ അജേഷിനെ കയറ്റിയ പ്രതികൾ വഴിനീളെ ക്രൂരമായി മർദ്ദിച്ചു. കമ്പി വടികൾ ഉപയോഗിച്ചാണ് അടിച്ചത്. യാത്രക്കിടെ ഇന്നോവയിൽ നിന്ന് അജേഷിനെ മാറ്റി മറ്റൊരു വാഹനത്തിൽ കയറ്റിയാണ് യാത്ര തുടർന്നത്. വാഹനം മാറ്റിയ സ്ഥലത്ത് വച്ച് റോഡിലിട്ടും അജേഷ്കുമാറിനെ തല്ലി. കേസിൽ മൂന്ന് പ്രതികളെ കൂടി കിട്ടാനുണ്ട്. വധശ്രമം, തട്ടികൊണ്ട് പോകൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ അജേഷ്കുമാർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ ആണ്.