
കോഴിക്കോട്: കൊയിലാണ്ടിയില്‍ (Koyilandy) യുവാവിനെയും യുവതിയെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുചുകുന്ന് സ്വദേശിയും കരസേനാ ഉദ്യോഗസ്ഥനുമായ റിനീഷ്, മണക്കുളം സ്വദേശി ഷിജി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഷിജിയെ കാണാനില്ലെന്ന ഭർത്താവിന്‍റെ പരാതിയില്‍ പോലീസ് തിരച്ചില്‍ തുടരുകയായിരുന്നു.
വെള്ളറക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കില്‍ ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടത്. ഇരുവരും സുഹൃത്തുക്കളായിരുന്നെന്ന് പോലീസ് പറയുന്നു. വിയ്യൂർ മണക്കുളം സ്വദേശിയായ ഷിജിയെ രണ്ട് മാസമായി കാണാനില്ലെന്ന്കാട്ടി ഭർത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇവർക്ക് ഒരു മകനുണ്ട്. കരസേനയില്‍ ഉദ്യോഗസ്ഥനാണ് റിനീഷ്, ഭാര്യ നേരത്തെ മരണപ്പെട്ടതാണ്.
ഇയാൾക്ക് ഒരു മകളുണ്ട്. ഫെബ്രുവരി മുതല്‍ കാണാതായ ഇരുവരെയും കണ്ടെത്താനായി കൊയിലാണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇരുവരും ഇന്ന് തീവണ്ടിയില്‍ നാട്ടിലെത്തിയെന്ന വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചു. തലയറ്റ നിലയിലായിരുന്നു ഇരുമൃതദേഹങ്ങളും. ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറും.
വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു, വീട്ടിലേക്ക് വരണമെന്ന് ആവശ്യം: അധ്യാപകൻ അറസ്റ്റിൽ
ചെന്നൈ: വിദ്യാർത്ഥിനിയെ ഫോൺ വിളിച്ച് ശല്യം ചെയ്തതിന് തമിഴ്നാട്ടിൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ. തിരുവള്ളൂർ ജില്ലയിലെ ഉലകനാഥൻ നാരായണ സ്വാമി സർക്കാർ ആർട്സ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസർ മഹേന്ദ്രനാണ് വിദ്യാർത്ഥിനിയുടെ പരാതിയിൽ പിടിയിലായത്.
ചെന്നൈ അമ്പത്തൂർ സ്വദേശിയായ അധ്യാപകനാണ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്തത്. വിദ്യാർത്ഥിനിയോട് ഇയാൾ വീട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ശല്യം സഹിക്കാതെയായപ്പോൾ പെൺകുട്ടി ഫോണിൽ ഇയാളുടെ കോൾ റെക്കോഡ് ചെയ്തു.
വിവരം പുറത്തായതോടെ മഹേന്ദ്രനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഒന്നടങ്കം മീഞ്ചൂർ പൊന്നേരി ബൈപാസ് റോഡ് ഉപരോധിച്ചു. മൂവായിരത്തിലധികം വിദ്യാർത്ഥികൾ റോഡിൽ കുത്തിയിരുന്നു. തുടർന്ന് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡി.ശേഖറിന്‍റെ പരാതിയിൽ പൊന്നേരി വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നെത്തിയ പൊലീസ് സംഘം മഹേന്ദ്രനെ അറസ്റ്റ് ചെയ്തു.
കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. അധ്യാപകനെതിരെ നേരത്തേയും സമാന പരാതികൾ ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പക്ഷേ കോളേജ് അധികൃതർ നടപടിയെടുത്തില്ലെന്നാണ് ആരോപണം. മഹേന്ദ്രൻ പഠിപ്പിക്കുന്ന എല്ലാ വിദ്യാർത്ഥിനികളിൽ നിന്നും മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.