യുവതിയെ മൺവെട്ടി കൊണ്ട് കൊന്നു, വൃദ്ധൻ ഡീസലൊഴിച്ച് സ്വയം തീകൊളുത്തി

By Web TeamFirst Published Aug 13, 2021, 4:32 PM IST
Highlights

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. താൻ വിജയകുമാരൻ നായരെന്ന നെടുമങ്ങാട് സ്വദേശിയുടെ മകളാണെന്ന് അവകാശപ്പെട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരിത എന്ന യുവതി സ്ഥിരമായി വൃദ്ധന്‍റെ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. 

തിരുവനന്തപുരം: വൃദ്ധൻ തലയ്ക്ക് അടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. മുല്ലശ്ശേരി സ്വദേശി സരിതയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേ മരിച്ചത്. സരിതയെ അടിച്ച തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിജയകുമാരൻ നായർ ഇന്നലെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തിരുന്നു. 

ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. താൻ വിജയകുമാരൻ നായരെന്ന നെടുമങ്ങാട് സ്വദേശിയുടെ മകളാണെന്ന് അവകാശപ്പെട്ട് ദില്ലിയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സായ സരിത എന്ന യുവതി സ്ഥിരമായി വിജയകുമാരൻ നായരുടെ വീട്ടിലെത്തി ബഹളമുണ്ടാക്കുമായിരുന്നു. ഇത് സംബന്ധിച്ച് മാസങ്ങളായി തർക്കങ്ങളും നടന്ന് വന്നിരുന്നതാണ്. സംഭവം വഷളായപ്പോൾ ഒരിക്കൽ നെടുമങ്ങാട് പൊലീസിന്‍റെ നേതൃത്വത്തിൽ ഒത്തുതീർപ്പ് ചർച്ചകളും നടന്നിരുന്നതാണ്. 

ബുധനാഴ്ച പൊലീസിന്‍റെ നേതൃത്വത്തിൽ ധാരണയുണ്ടാക്കാൻ ഒരു ശ്രമം നടത്തിയിരുന്നെങ്കിലും സരിത ഇതിനോട് സഹകരിക്കാൻ തയ്യാറായില്ല. വൈകിട്ട് വീണ്ടും സരിത വീട്ടിലെത്തിയപ്പോൾ ഇരുവരും തമ്മിൽ സംസാരിച്ചത് വാക്കുതർക്കമായി മാറുകയും വിജയകുമാരൻ നായർ മൺവെട്ടിയുടെ കൈ എടുത്ത് സരിതയുടെ തലയിൽ അടിക്കുകയും ചെയ്തു. 

ഗുരുതരമായി പരിക്കേറ്റ സരിതയെ ഇന്നലെ തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായി സരിത ഇന്ന് മരിക്കുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷം വിജയകുമാരൻ നായർ ഒരു ഓട്ടോ വിളിച്ച് തന്‍റെ സഹോദരന്‍റെ വീട്ടിലെത്തി. അവിടെ വച്ച് ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. തന്‍റെ സഹോദരൻ സതീഷാണ് സരിതയെ തന്‍റെ സമീപത്തേക്ക് അയക്കുന്നത് എന്നായിരുന്നു വിജയകുമാരൻ നായർ പറഞ്ഞിരുന്നത്. വർഷങ്ങളായി തന്‍റെ സഹോദരനുമായി അകന്ന് കഴിയുകയായിരുന്നു വിജയകുമാരൻ നായർ. 

കെഎസ്ആര്‍ടിസിയിലെ റിട്ടയേര്‍ഡ് ജീവനക്കാരനാണ് വിജയകുമാരൻ നായര്‍. ദില്ലിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്സാണ് സരിത. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!