പ്രണയം നടിച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

By Web TeamFirst Published May 8, 2019, 11:45 PM IST
Highlights

കൊല്ലം പരവൂർ പൂതക്കുളം സ്വദേശി ഹരിയെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. കൊല്ലം പരവൂർ പൂതക്കുളം സ്വദേശി ഹരിയെയാണ് പരവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതിയായ ഹരിയും പീഡനത്തിനിരയായ പെൺകുട്ടിയും സ്കൂളിൽ പഠിക്കുന്ന കാലം മുതൽ പരിചയക്കാരായിരുന്നു. പരിചയം പ്രണയത്തിലേക്ക് വഴിമാറുകയും പ്രതി വിവാഹ വാഗ്ദാനം നല്‍കി പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ കൂട്ടുകാരിയുടെ വീട്ടിൽ വച്ചും, പെൺകുട്ടിയുടെ വീടിനു സമീപമുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ വച്ചും ഇയാൾ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. 

പെൺകുട്ടിയെ വഴിയരികിൽ അവശനിലയിൽ കണ്ടെത്തിയ നാട്ടുകാർ വിവരം തിരക്കിയപ്പോൾ താൻ വിഷം കഴിച്ചുവെന്നും ഇപ്പോൾ മരിക്കുമെന്നും പറഞ്ഞതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് പരിശോധിച്ച ഡോക്ടറോട് താൻ വിഷം കഴിച്ചതല്ല പീഡിപ്പിക്കപ്പെട്ടതാണെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. 

പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിൽ ഹരിയെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ വൈദ്യ പരിശോധനക്ക് ശേഷം പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

click me!