ദുബായ് പൊലീസ് ആസ്ഥാനത്തെ മലയാളി ജീവനക്കാരനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി

By Web TeamFirst Published May 8, 2019, 8:07 PM IST
Highlights

കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ നിന്ന് മുസാഫറിന്‍റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണ്ണം കൊടുത്തുവിട്ടിരുന്നു. എന്നാല്‍ സ്വര്‍ണ്ണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയില്ലെന്നാണ് സൂചന 

ബേപ്പൂര്‍: ദുബായില്‍ നിന്നെത്തിയ യുവാവിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. ദുബായ് പോലീസ് ആസ്ഥാനത്തെ ജീവനക്കാരനും ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയുമായ മുസാഫര്‍ അഹമ്മദിനെയാണ് കാണാതായത്. രണ്ടാഴ്ച മുമ്പ് ഇദ്ദേഹം നാട്ടിലെത്തിയെങ്കിലും വീട്ടിലെത്തിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ദുബായ് പോലീസ് ആസ്ഥാനത്ത് ഓഫീസ് ബോയിയായി ജോലി ചെയ്യുന്ന ബേപ്പൂര്‍ അരക്കിണര്‍ പതിയേരിക്കണ്ടി പറമ്പില്‍ മുസാഫര്‍ അഹമ്മദിനെയാണ് തട്ടിക്കൊണ്ട് പോയിയെന്നാണ് പരാതി. കഴിഞ്ഞ മാസം 24 ന് നാട്ടിലെത്തിയെന്നും വീട്ടിലേക്ക് വരികയാണെന്നും മുസാഫര്‍ ബന്ധുക്കളെ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഈ 22 വയസുകാരന്‍റെ ഫോണ്‍ സ്വിച്ച് ഓഫ്  ആവുകയായിരുന്നു.

കഴിഞ്ഞ ഡിസംബറില്‍ ദുബായില്‍ നിന്ന് മുസാഫറിന്‍റെ കൈവശം കള്ളക്കടത്ത് സംഘം സ്വര്‍ണ്ണം കൊടുത്തുവിട്ടിരുന്നു. എന്നാല്‍ സ്വര്‍ണ്ണം ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയില്ല. ഇതാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. സംഘം മുസാഫറിനെ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശം ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
 
സംഭവത്തില്‍ മാറാട് പോലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണ്. കോഴിക്കോട് മാങ്കാവിനടുത്തെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ലോഡ്ജില്‍ മുസാഫര്‍ മുറിയെടുത്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

click me!